ഇളയാരാജയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. ദാഹിക്കുന്നുവെന്ന് വേദിയിലിരിക്കുന്ന കലാകാരന്‍മാര്‍ പറഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ എല്ലാവര്‍ക്കും വെള്ളം നല്‍കി

ചെന്നൈ: വേദിയില്‍ പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥനെ ശാസിച്ച് ഇളയരാജ. ഇളയാരാജയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. ദാഹിക്കുന്നുവെന്ന് വേദിയിലിരിക്കുന്ന കലാകാരന്‍മാര്‍ പറഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ എല്ലാവര്‍ക്കും വെള്ളം നല്‍കി. വേദിക്ക് പുറത്തിറങ്ങി. എന്നാല്‍ പരിപാടി നടക്കുന്നതിനിടെ ഗായകരടക്കമുള്ളവര്‍ക്ക് വെള്ളം നല്‍കിയത് ഇളയരാജയ്ക്ക് ഇഷ്ടമായില്ല.

വേദിക്ക് പുറത്തിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥനെ അദ്ദേഹം വേദിയിലേക്ക് വിളിപ്പിച്ചു. എന്താണ് ഇത്തരത്തില്‍ പരിപാടി നടക്കുന്നതിനിടയില്‍ പെരുമാറിയതെന്ന് ചോദിച്ചു. അത് തന്‍റെ ജോലിയുടെ ഭാഗമാണെന്ന് വളരെ താഴ്മയോടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അത് മൈക്കില്‍ പറയണമെന്നായി ഇളയരാജ.

മൈക്കിലൂടെ തന്നെയായിരുന്നു ഇളയരാജയുടെ ശകാരം. പരിപാടിക്കിടെ എന്തിന് വേദിയില്‍ കയറിയെന്നും അവരെ ശല്യം ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. വിശദീകരണത്തില്‍ തൃപ്തനാകാതിരുന്ന ഇളയരാജയുടെ കാല്‍ക്കല്‍ വീണ് മാപ്പ് ചോദിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വേദി വിട്ടത്. 

പണം നല്‍കി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന കാഴ്ചക്കാര്‍ക്ക് മുമ്പില്‍ ഇത്തരം കാര്യങ്ങള്‍ ശരിയല്ലെന്നും അത് തന്നെ ഏറെ വേദനിപ്പിക്കുമെന്നും ഇളയരാജ പിന്നീട് പറഞ്ഞു. വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വീഡിയോ