നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ഫാന്റസി ത്രില്ലർ ചിത്രം 'ഐ ആം ഗെയിം' തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണം നേടുന്ന ചിത്രത്തിൽ ദുൽഖറിന്റെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്.
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ നായകനായി മലയാളത്തിൽ തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഐ ആം ഗെയിം. മികച്ച ആദ്യ പകുതിയും ദുൽഖറിന്റെ ഗംഭീര പ്രകടനവുമാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രേക്ഷക പ്രതികരണങ്ങൾ. കൂടെ ആന്റണി വർഗീസിന്റെയും കയാദു ലോഹറിന്റെയും മിഷ്‌കിന്റെയും മികച്ച പ്രകടനങ്ങൾ ചിത്രത്തിലുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങൾ. 2 മണിക്കൂർ 53 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിലെ ‘ലൂസർ’, 'മഴവില്ലായെ ' എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ തന്നെയാണ് ലൂസർ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ആദ്യ പ്രതികരണങ്ങൾ. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം". ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡ ക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.



