ദീപക് പറമ്പോൽ, മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍

സമീപകാല കരിയറില്‍ ലാലു അലക്സിന്‍റേതായി ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ബ്രോ ഡാഡിയിലേത്. ഇപ്പോഴിതാ അദ്ദേഹം പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ശ്രീജിത്ത് ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇമ്പം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി.

ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദീപക് പറമ്പോൽ, മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ALSO READ : മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'വിക്രം'

ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനര്‍ ആയാണ് പ്രദര്‍ശനത്തിന് എത്തുക. അതിരനിലെ പവിഴമഴ പോലെയുള്ള മനോഹരഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ജയഹരി ഒരുക്കുന്ന നാല് ഗാനങ്ങള്‍ ചിത്രത്തിലുണ്ടാവും. എറണാകുളം, കാലടി, പറവൂര്‍, തൈക്കാട്ടുശ്ശേരി, മൂവാറ്റുപുഴ, കോഴിക്കോട് എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

ഛായാഗ്രഹണം നിജയ് ജയന്‍, എഡിറ്റിംഗ് കുര്യാക്കോസ് കുടശ്ശെരില്‍, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, സംഗീതം ജയഹരി, ഗാനരചന വിനായക് ശശികുമാര്‍, കലാസംവിധാനം ആഷിഫ് എടയാടന്‍, വസ്ത്രാലങ്കാരം സൂര്യ ശേഖര്‍, മേക്കപ്പ് മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ അബിന്‍ എടവനക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഷിബിന്‍ ബാബു.