Asianet News MalayalamAsianet News Malayalam

അനുരാഗ് കശ്യപിനും തപ്‍സി പന്നുവിനും എതിരെ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്

ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്‍സി പന്നുവും

income tax raid at the properties of anurag kashyap and taapsee pannu
Author
Mumbai, First Published Mar 3, 2021, 2:00 PM IST

മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, ബോളിവുഡ് നടി തപ്‍സി പന്നു എന്നിവരുടെ താമസ സ്ഥലങ്ങളിലും ഓഫീസുകളിലും പരിശോധനയുമായി ആദായനികുതി വകുപ്പ്. നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ് നടപടി. മുംബൈയിലും പൂനെയിലുമുള്ള 20 കേന്ദ്രങ്ങളിലാണ് പരിശോധന. ഇക്കൂട്ടത്തില്‍ ഒരു ടാലന്‍റ് ഏജന്‍സി, അനുരാഗ് കാശ്യപിന്‍റെ ഉടമസ്ഥതയിലുള്ള ഫാന്‍റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടും.

ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്‍സി പന്നുവും. പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ അനുരാഗ് കശ്യപ് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പ്രധാമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും പേരെടുത്ത് പലതവണ വിമര്‍ശിച്ചിട്ടുമുണ്ട്.

അതേസമയം കര്‍ഷക സമരത്തെക്കുറിച്ചുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോള്‍ ബോളിവുഡില്‍ നിന്ന് എതിരഭിപ്രായമുയര്‍ത്തിയ അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു തപ്‍സി പന്നു. "ഒരു ട്വീറ്റ്‌ നിങ്ങളുടെ ഐക്യത്തിന് പരിഭ്രമം ഉണ്ടാക്കിയെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട അധ്യാപകര്‍ ആവുകയല്ല വേണ്ടത്", തപ്‍സി ട്വീറ്റ് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios