സോഷ്യൽ മീഡിയ താരവും നടനുമായ അമീൻ, ധ്യാൻ ശ്രീനിവാസനുമായുള്ള പഴയ അഭിമുഖത്തിലെ കൗണ്ടറുകള്‍ക്ക് ലഭിച്ച വിമർശനങ്ങളെക്കുറിച്ച് പറയുന്നു
സോഷ്യല്‍ മീഡിയയിലെ കോണ്ടെന്‍റ് ക്രിയേറ്റേഴ്സില്‍ പലര്‍ക്കും വലിയ ഫാന്‍ ഫോളോവിംഗ് ആണ് ഉള്ളത്. പലപ്പോഴും ചലച്ചിത്രതാരങ്ങളോട് കിടപിടിക്കുന്ന നിലയിലേക്കും ഇവരുടെ ജനപ്രീതി വളരുന്നുണ്ട്. ആ ജനപ്രീതി തന്നെയാണ് സിനിമകളിലേക്ക് അവര്‍ക്ക് അവസരങ്ങളായി എത്തുന്നത്. കോമഡി ഉള്ളടക്കങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ആസ്വാദകരുടെ മനസ് കീഴടക്കിയ ആളാണ് അമീന്‍. പിന്നാലെ സിനിമയിലേക്കും എത്തി. നാളെ തിയറ്ററുകളില്‍ എത്താനിരിക്കുന്ന പ്രകമ്പനം ആണ് അമീനിന്‍റെ പുതിയ റിലീസ്. സാഗര്‍ സൂര്യയ്ക്കും ഗണപതിക്കുമൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അമീന്‍. അഭിമുഖങ്ങളിലൊക്കെ കോമഡിയും തഗ്ഗും സ്ഥിരമായി അടിക്കുന്ന അമീന്‍ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പ്രസ് മീറ്റില്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധ നേടുകയാണ്.
അമീന്‍ പറയുന്നു
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഡിറ്റക്റ്റീവ് ഉജ്ജ്വലനില്‍ അമീനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിന്‍റെ പ്രൊമോഷണല്‍ അഭിമുഖങ്ങളുടെ കൗതുകം ധ്യാനും അമീനും തമ്മിലുള്ള തഗ്ഗുകളും കൗണ്ടറുകളും ആയിരുന്നു. എന്നാല്‍ അതേക്കുറിച്ച് തനിക്ക് ലഭിച്ച കമന്‍റുകള്‍ പലതും വിമര്‍ശനപരമായിരുന്നെന്ന് പറയുകയാണ് അമീന്‍. “അന്ന് ഇന്‍റര്‍വ്യൂവില്‍ ഞാനും ധ്യാന്‍ ചേട്ടനും അങ്ങോട്ടും ഇങ്ങോട്ടും ഇരുന്ന് തഗ്ഗ് അടിച്ചിരുന്നു. കാരണം ലൊക്കേഷനിലും ഞങ്ങള്‍ അതിന്‍റെ അപ്പുറമായിരുന്നു. അതാണ് ആ ഇന്‍റര്‍വ്യൂവില്‍ അന്ന് കണ്ടത്. പക്ഷേ കാണുന്ന ആളുകള്‍ നോക്കുമ്പോള്‍ പുതിയതായിട്ട് വന്ന ഒരു പയ്യന്‍ ഒരു സീനിയര്‍ ആക്റ്ററിനെ ഇട്ട് കളിയാക്കുകയാണ്. ബഹുമാനമില്ല എന്നൊക്കെയാണ് അന്ന് വന്ന കമന്‍റുകള്‍. അതിന് ശേഷം ഞാന്‍ ഈ സിനിമയുടെ പ്രസ് മീറ്റിന് വരുമ്പോള്‍ സാഗറിനും ഗണപതിക്കുമൊക്കെയൊപ്പം അച്ചടക്കത്തോടെയും ഒതുക്കത്തോടെയും ഇരിക്കുകയാണ്”, പകുതി ചിരിയോടെ അമീന്‍ പറഞ്ഞു.
അതേസമയം പ്രകമ്പനം സെറ്റിലും സീനിയര്‍, ജീനിയര്‍ പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അമീന്‍ പറഞ്ഞു- “സ്ക്രീനില്‍ ഞങ്ങള്‍ മൂന്ന് പേരുടെ കോമ്പോ വരുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ അത്ര സിങ്ക് ആണെങ്കില്‍ മാത്രമേ കോമഡികള്‍ വര്‍ക്ക് ആവൂ. കാരവാനില്‍ ആയിരിക്കുമ്പോഴും എപ്പോഴും ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചായിരുന്നു. ജൂനിയര്‍, സീനിയര്‍ വ്യത്യാസമൊന്നുമില്ലാതെ നമ്മളോട് ഭയങ്കര കമ്പനി ആയിരുന്നു. സെറ്റില്‍ അങ്ങനെയൊരു സംഗതി ഉണ്ടായിരുന്നേ ഇല്ല”, അമീന്‍ പറഞ്ഞവസാനിപ്പിക്കുന്നു.



