പ്രഖ്യാപന സമയം മുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം
കമല്‍ ഹാസന്‍ എന്ന ബ്രാന്‍ഡിന്‍റെ വിപണിമൂല്യം എത്രയെന്നത് സിനിമാവ്യവസായത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ അവസാന റിലീസ് വിക്രം നേടിയ അഭൂതപൂര്‍വ്വമായ വിജയം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 435 കോടിയിലേറെ ആയിരുന്നു. നേരത്തേതന്നെ ഹൈപ്പ് നേടിയിരുന്ന കമല്‍ ഹാസന്‍- ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2 ന്‍റെ വിപണിമൂല്യം വിക്രത്തിന്‍റെ വന്‍ വിജയത്തോടെ വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴിതാ ഇന്ത്യന്‍ 2 ഡിജിറ്റല്‍ അവകാശം വിറ്റ വകയില്‍ നേടിയ വന്‍ തുക സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യന്‍ 2 ന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നതെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അവര്‍ അടക്കമുള്ള പല ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 കോടിയാണ് ഡിജിറ്റല്‍ റൈറ്റ്സ് വിറ്റ വകയില്‍ ഇന്ത്യന്‍ 2 ന് ലഭിച്ചിരിക്കുന്ന തുക. ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് വലിയ തുകയാണ് ഇത്.
പ്രഖ്യാപന സമയം മുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.
ALSO READ : 'ഇപ്പോഴും ശത്രുക്കളോ'? സ്റ്റാര്‍ സിംഗര്‍ വേദിയില്‍ മറുപടിയുമായി അഖിലും ശോഭയും: വീഡിയോ
