മുംബൈയിൽ നടന്ന വേബ് സമ്മിറ്റിൽ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിച്ചു. ഈ ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

മുംബൈ: ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. രജനികാന്ത്, ചിരഞ്ജീവി, ഹേമമാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. മുംബൈയില്‍ നടക്കുന്ന വേബ് സമ്മിറ്റില്‍ പങ്കെടുക്കവെയാണ് ഈ ചിത്രം എടുത്തത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുംബൈയിൽ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് (WAVES) ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്റ്, AVGC-XR, സിനിമ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർക്ലാസുകൾ എന്നിവ ഉൾപ്പെടുന്ന പരിപടിയാണ്.ട

അതേ സമയം മോഹന്‍ലാല്‍ നായകനായ തുടരും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം. മോഹന്‍ലാലിന്‍‌റെ 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ഇത്. മലയാള സിനിമയെ സംബന്ധിച്ച് ഈ ക്ലബ്ബില്‍ എത്തുന്ന 11-ാം ചിത്രവും. 

മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബ് തുറന്നത് പുലിമുരുകനിലൂടെ മോഹന്‍ലാല്‍ ആയിരുന്നു. പിന്നീട് ലൂസിഫര്‍, അതിന്‍റെ സീക്വല്‍ ആയി കഴിഞ്ഞ മാസം റിലീസ് ചെയ്യപ്പെട്ട എമ്പുരാന്‍ എന്നിവയും 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. എമ്പുരാന്‍റെ ലൈഫ് ടൈം ഗ്ലോബല്‍ ഗ്രോസ് 260 കോടി കടന്നിരുന്നു. ഒരു മാസത്തിനിപ്പുറമാണ് കരിയറിലെ അടുത്ത 100 കോടി ക്ലബ്ബ് നേട്ടം മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്. 

ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എല്ലാ തലമുറയില്‍ പെട്ട പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ് എത്ര വരുമെന്നത് നിലവില്‍ പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. 

തിയറ്ററുകളില്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം തുടരുമിലെ പ്രൊമോ സോം​ഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഉള്‍പ്പെടുത്താത്ത ​ഗാനമാണ് ഇത്. കൊണ്ടാട്ടം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ജേക്സ് ബിജോയ് ആണ് സം​ഗീതം. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.