തിരുവനന്തപുരം: ഇന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. പാലാ, ഈരാറ്റുപേട്ട പരിസരങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.  ശാന്തി ബാല ചന്ദ്രനാണ് ചിത്രത്തിൽ ഇന്ദ്രജിത്തിന്‍റെ നായിക, അമിത് ചക്കാലക്കൽ , അശ്വിൻ കുമാർ, മനോജ് കെ ജയൻ,മേഘ തോമസ്  എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

കേരളത്തിന്‍റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തിൽ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് 'ആഹാ'യുടേത് . തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

അൻവർ അലിയും ജുബിത് നംറാടത്തും ചേർന്നു രചിച്ച ഗാനങ്ങൾ  ഗായിക സയനോര ഫിലിപ്പ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നു. പശ്ചാത്തല സംഗീതം ഷിയാദ് കബീർ ,ശ്യാമേഷാണ് 'ആഹാ'യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സാ സാ പ്രൊഡക്ഷൻസിന്റെ പ്രേം എബ്രഹാം നിർമ്മിക്കുന്ന സ്പോർട്സ് പാശ്ചാത്തലത്തിലുള്ള എന്റർടൈനറായ ' ആഹാ ' ഏപ്രിൽ മാസം പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.