'ഞങ്ങളുടെ കുഞ്ഞിന് വേണ്ടി ഇത്രയധികം വേദന സഹിച്ച എന്റെ ഭാര്യയോട് തീർത്താൽ തീരാത്ത നന്ദിയാണുള്ളത്'.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമായ പേരായിരിക്കും അഭിശ്രീ. മിനിസ്ക്രീൻ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ആദ്യ കൺമണിയെത്തിയ സന്തോഷം കഴിഞ്ഞ ദിവസം ഇവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആൺകുട്ടിയാണ് ഇരുവർക്കും പിറന്നിരിക്കുന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
മൂന്ന് ഭാഗങ്ങളായിട്ടാണ് അഭിലാഷും ശ്രീക്കുട്ടിയും ഡെലിവറി വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ആശുപത്രിയില്‍ എത്തുന്നതും അവിടെയുള്ള വിശേഷങ്ങളുമൊക്കെയായിരുന്നു ആദ്യത്തെ വീഡിയോയിൽ കാണിച്ചത്. ലേബര്‍ പെയിന്‍ വന്ന് തുടങ്ങിയപ്പോഴുള്ള വിശേഷങ്ങള്‍ രണ്ടാമത്തെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യ സ്ഥിതിയും, കുഞ്ഞിന്റെ ഫേസ് റിവീലുമൊക്കെയാണ് മൂന്നാമത്തെ വീഡിയോയില്‍ കാണിക്കുന്നത്.
''കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു. പതിനെട്ട് മണിക്കൂറുകളോളം ശ്രീക്കുട്ടി പ്രസവ വേദന സഹിച്ചു. നോര്‍മല്‍ ഡെലിവറിയ്ക്ക് വേണ്ടി പരമാവധി ശ്രമിച്ചിരുന്നു. വേദന കുറയാനുള്ള ഇഞ്ചക്ഷന്‍ എടുത്തിരുന്നുവെങ്കിലും, അതിനൊക്കെ മുകളിലായിരുന്നു മണിക്കൂറുകളോളം നീണ്ടുനിന്ന വേദന. അവസാനം സി സെക്ഷനിലേക്ക് പോകുകയായിരുന്നു. കുഞ്ഞിന്റെ തലക്ക് അല്പം വലുപ്പമുണ്ടായിരുന്നു, അത് പാരമ്പര്യമായിട്ടുള്ളതാണ്. അതുകൊണ്ടാണ് നോര്‍മല്‍ ഡെലിവറി പറ്റാതിരുന്നത്. പ്രസവവേദന എന്നൊക്കെ ഇതിന് മുൻപ് ഞാൻ കേട്ടിട്ടുണ്ട് എങ്കിലും അത് നേരിട്ട് കാണുന്നതും അതിന് സാക്ഷിയാകുന്നതും ആദ്യമായിട്ടാണ്. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി ഇത്രയധികം വേദന സഹിച്ച എന്റെ ഭാര്യയോട് തീർത്താൽ തീരാത്ത നന്ദിയാണുള്ളത്'', എന്നാണ് അഭിലാഷ് വീഡിയോയിൽ പറയുന്നത്. നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ ഇരുവർക്കും സ്‌നേഹം അറിയിച്ചെത്തുന്നത്.
