എന്റെ പേരും ബ്രാൻഡും ഉപയോഗിച്ച് തെറ്റായ കഥകൾ പ്രചരിപ്പിക്കുമ്പോൾ ഞാൻ മിണ്ടാതിരിക്കില്ല.
റോബിൻ- വേദലക്ഷ്മി വാക്പോരിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ശക്തമാകുന്നതിനിടെ ഈ വിഷയത്തിൽ പ്രതികരിച്ച് സംരംഭകയും റോബിൻ രാധാകൃഷ്‍ണന്റെ ഭാര്യയുമായ ആരതി പൊടി രംഗത്ത്. വേദലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവുമാണ് റോബിനെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നത്. അഭിൽദേവിന് റോബിൻ ലക്ഷങ്ങൾ നൽകാനുണ്ടെന്നാണ് വേദലക്ഷ്മി പറയുന്നത്. ഓഡിയോ തെളിവുകളും പുറത്തുവിട്ടിരുന്നു. എന്നാൽ, വേദലക്ഷ്മിയും അഭിൽ ദേവും ചേർന്ന് നിർമിച്ച എഡിറ്റഡ് ഓഡിയോകൾ ഉപയോഗിച്ച് തന്നിൽ നിന്ന് പണം തട്ടിയെടുക്കാനും രാഷ്ട്രീയമായി തകർക്കാനും ശ്രമിക്കുകയാണെന്നാണ് റോബിൻ പറയുന്നത്. ഈ പ്രശ്നത്തിലേക്ക് തന്നെയോ തന്റെ ബ്രാൻഡിന്റെയോ പേര് വലിച്ചിഴക്കരുതെന്നാണ് ആരതി പൊടി പറയുന്നത്.
''സോഷ്യൽ മീഡിയയിൽ ഇപ്പോൾ ധാരാളം ആരോപണങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. ഒരു കാര്യം ഞാൻ വ്യക്തമാക്കാം, ഇത് അഭിലും റോബിനും തമ്മിലുള്ള പ്രശ്നമാണ്. അവർക്കിടയിൽ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും അത് അവർ തമ്മിൽ തന്നെ തീർക്കേണ്ടതാണ്. എന്നെയോ എന്റെ ബ്രാൻഡിനെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.
എന്റെ വീഡിയോകളും കണ്ടന്റുകളും ഉപയോഗിച്ച് ലക്ഷ്മി ബോധപൂർവം എന്നെ ഇതിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഈ ആരോപണങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ പേരും ബ്രാൻഡും ഉപയോഗിച്ച് തെറ്റായ കഥകൾ പ്രചരിപ്പിക്കുമ്പോൾ ഞാൻ മിണ്ടാതിരിക്കില്ല. ഇതിന് കാരണക്കാരായവർക്കെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഞാൻ സ്വീകരിക്കും.
ഞാൻ ഒറ്റരാത്രികൊണ്ട് പടുത്തുയർത്തിയതല്ല എന്റെ ബ്രാൻഡ്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണത്. എന്റെ സ്വന്തം വ്യക്തിത്വത്തിന്റെ കൂടി ഭാഗമാണത്. ഞാനുമായോ എന്റെ ബിസിനസുമായോ ബന്ധപ്പെടാത്ത കാര്യങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴച്ച് ആരോപണങ്ങൾ ഉന്നയിച്ച് എന്റെയും എന്റെ ബിസിനസിന്റെയും പേര് നശിപ്പിക്കാൻ ആർക്കും അവകാശമില്ല. എന്റെ നിശബ്ദത എന്റെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്. എനിക്ക് സത്യമറിയാം. ഇന്നു കാണുന്നതെല്ലാം കെട്ടിപ്പടുക്കാൻ ഞാൻ ചെയ്ത അധ്വാനം എനിക്കറിയാം. നേരായ, നിയമപരമായ വഴിയിലൂടെ എന്റെ പേരും ബ്രാൻഡും ഞാൻ സംരക്ഷിക്കും. എന്നെയും എന്റെ ബ്രാൻഡിനെയും ഈ പ്രശ്നങ്ങളിൽ നിന്നു ഒഴിവാക്കുക'', ആരതി പൊടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
