തട്ടിപ്പുകാര്‍ക്കെതിരെ ഇൻഫ്ലൂൻസര്‍ ദിയ കൃഷ്‍ണ.

തന്റെ സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയവർക്കെതിരെ വീണ്ടും പ്രതികരിച്ച് ദിയ കൃഷ്‍ണ. മകൻ നിയോമിന്റെ നൂലുകെട്ടിന് മുന്നോടിയായി സ്വർണം വാങ്ങാനെത്തുന്ന വ്ളോഗ് ആണ് ദിയ ഏറ്റവുമൊടുവിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വ്ളോഗിലാണ് ദിയ തട്ടിപ്പുകാരികൾക്കെതിരെ വീണ്ടും രംഗത്തു വന്നത്. ദിയയുടെ അമ്മ സിന്ധു കൃഷ്‍ണയും ഭർത്താവ് അശ്വിന്റെ അമ്മയും ദിയക്കൊപ്പം സ്വർണവും വസ്ത്രങ്ങളും വാങ്ങാൻ എത്തിയിരുന്നു.

''ഈ വ്ളോഗ് വിനീത, ദിവ്യ, രാധാ കുമാരി എന്നിവർ കാണുന്നുണ്ടെങ്കില്‍ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. എടുത്തുകൊണ്ടു പോയ പകുതി പൈസയെങ്കിലും തന്നാല്‍ ഇവിടുന്ന് കുറച്ച് സ്വർണം കൂടി വാങ്ങിക്കുന്നതായിരിക്കും. ആരെങ്കിലും ഈ വീഡിയോ കണ്ടാൽ ഇക്കാര്യം അവരെ അറിയിക്കേണ്ടതാണ്'', എന്നാണ് ദിയ ചിരിച്ചുകൊണ്ട് വീഡിയോയിൽ പറയുന്നത്.

കേസിൽ വിനീത, രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. ഇതിൽ രണ്ടു പേരാണ് കോടതിയെ സമീപിച്ചത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്‍ണകുമാറിന്‍റെ പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക