വിവാഹത്തിന് മുന്‍പ് പുതിയ വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും കാര്‍ത്തിക് സൂര്യ.
ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്‍തനാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. അടുത്തിടെയാണ് ബന്ധു കൂടിയായ വർഷയെ കാർത്തിക് വിവാഹം ചെയ്തത്. വിവാഹത്തിന് മുന്‍പ് പുതിയ വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും, വര്‍ഷയ്‌ക്കൊപ്പം പുതിയ വീട്ടിലേക്കായിരിക്കും വലതുകാല്‍ വച്ച് കയറുന്നതെന്നും കാര്‍ത്തിക് സൂര്യ മുൻപ് പറഞ്ഞിരുന്നു. എന്നാൽ വിവാഹസമയത്ത് വീടു പണി കഴിഞ്ഞിരുന്നില്ല. 2023 ൽ തുടങ്ങിയ വീടുപണിയുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളാണ് കാർത്തിക് ഏറ്റവുമൊടുവിൽ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ഇനിയും ഒരുപാട് പണികൾ പൂർത്തിയാക്കാനുണ്ടെന്ന് താരം പറയുന്നു.
''ഇപ്പോള്‍ കട്ടിലയുടെയും ജനലിന്റെയുമെല്ലാം ആശാരിപ്പണി നടന്നുകൊണ്ടിരിക്കുകയാണ്. വീട് പുട്ടിയിട്ടു കഴിഞ്ഞു. ഇനിയുമുണ്ട് ഒരുപാട് പണികള്‍. എല്ലാം അച്ഛന്റെ മേല്‍നോട്ടത്തില്‍ പതിയെ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്തുകൊണ്ട് ഇത്രയും വൈകുന്നു എന്ന് ചോദിച്ചാല്‍, അതിന് പല കാരണങ്ങളും ഉണ്ട്. ഒന്ന് കോണ്‍ട്രാക്ട് കൊടുത്തതൊന്നും അല്ല, അച്ഛന്‍ ഒരാള്‍ മുന്നില്‍ നിന്ന് എടുപ്പിക്കുകയാണ്. ഒരു സമയം ഒരു പണിയുടെ ടീം മാത്രമാണ് ജോലി ചെയ്യുന്നത്. അധികം ജോലിക്കാരെ വച്ച് തിരക്കിട്ട് തീര്‍ക്കാനുള്ള ഒരു പരിപാടിയും ഇല്ല.
കല്യാണത്തിന്റെ ആറ് മാസത്തെ ഗ്യാപിന് ശേഷം, ഇപ്പോള്‍ വീണ്ടും പണി തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള പണികള്‍ പെട്ടന്ന് പെട്ടന്ന് നടക്കും. പക്ഷേ എപ്പോള്‍ പണി പൂര്‍ത്തിയാകും എന്നത് ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കില്ല. ചെയ്യുമ്പോള്‍ നല്ല വൃത്തിക്ക് സമയമെടുത്ത് ചെയ്യാന്‍ തന്നെയാണ് തീരുമാനം. ഞങ്ങള്‍ വീട് പണി തുടങ്ങിയതിന് ശേഷം തുടങ്ങിയ യൂട്യൂബേഴ്‌സ് പലരും പണി പൂര്‍ത്തിയാക്കി കയറി താമസിച്ചു. പക്ഷേ ഞങ്ങള്‍ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍'', എന്നാണ് കാർത്തിക് വീഡിയോയിൽ പറയുന്നത്.
