അഹാന കൃഷ്‍ണയുടെ സംസാരത്തെ കുറിച്ച് പറയുകയാണ് സിന്ധു കൃഷ്‍ണ.

നടി അഹാന കൃഷ്‍ണയുടെ മുപ്പതാം പിറന്നാൾ ആഘോഷം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. മുപ്പതാം വയസിലേക്ക് കടന്നപ്പോൾ ഒരു ബിഎംഡബ്ല്യു എക്സ് 5 കാറാണ് അഹാന വാങ്ങിച്ചത്. ഇപ്പോളിതാ തന്റെ പുതിയ വ്ളോഗിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അഹാനയുടെ അമ്മ സിന്ധു കൃഷ്‍ണ.

''അമ്മുവിന്റെ (അഹാന )കാറിന്റെ കാര്യങ്ങളൊക്കെ പഠിക്കുന്നതേയുള്ളു.‍ ഞങ്ങൾ അത്തരം എക്സ്പെൻസീവ് കാറുകൾ ഉപയോഗിച്ച് ശീലമുള്ളവരല്ല. അത്തരം കാറുകൾ വാങ്ങണമെന്ന ചിന്തയോടെ ജീവിച്ചിട്ടില്ലാത്തതുകൊണ്ട് അതിനോട് ഒരു ഫാൻസി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ അത് ശ്രദ്ധിക്കാനോ പഠിക്കാനോ ശ്രമിച്ചിട്ടില്ല. കാറിനെ കുറിച്ചുള്ള ചിന്തകൾ വന്നപ്പോൾ പഴയൊരു സംഭവം ഓർമ വന്നു. ഞാനും കിച്ചുവും ഇടയ്ക്കിടെ പറയും ഈ സംഭവം.

വിവാഹ സമയത്ത് ഡാഡി ഞങ്ങൾ‌ക്ക് ഒരു മാരുതി 1000 തന്നിരുന്നു. അന്ന് ആ കാറ് തിരുവനന്തപുരത്ത് വളരെ കുറച്ച് പേർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളു. അമ്മുവിന് ഒന്നര വയസുണ്ടായിരുന്ന സമയത്ത് എലി കയറി കാറിന്റെ വയറുകൾ കടിച്ച് മുറിച്ചു. എല്ലാം മാറ്റാൻ എക്സ്പെൻസാകുമെന്നതുകൊണ്ട് അന്ന് ചെയ്യാതെ ഉഴപ്പി. രണ്ട് മാസം കഴിഞ്ഞാണ് ശരിയാക്കിയത്. അതുവരെ എസി ശരിക്ക് വർക്കായിരുന്നില്ല. ഫാൻ പ്രവർത്തിക്കും പക്ഷെ തണുപ്പില്ലായിരുന്നു.

അമ്മു സംസാരിച്ച് തുടങ്ങിയ‌‌ സമയത്ത് ഒരിക്കൽ അപ്പ ഹാജയുടെ കാറിൽ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ അമ്മു പറഞ്ഞു, ഹാജാ മാമന്റെ കാറിൽ തണുത്ത എസിയാണ്. ഞങ്ങളുടെ കാറിൽ ചൂട് എസിയാണെന്നാണ്. അന്ന് ആ ചെറിയ പ്രായത്തിൽ അമ്മുവിന്റെ നിഷ്കളങ്കതയോടെയുള്ള സംസാരം കേട്ട് ഞങ്ങൾ കുറേ ചിരിച്ചു. അങ്ങനെയൊക്കെ പറഞ്ഞ അമ്മു ഇന്ന് സ്വന്തമായി ഒരു കാർ വാങ്ങി. മക്കളുടെ വളർച്ച കണ്ട് ഞാൻ അഭിമാനിക്കുകയാണ്. അതിൽ സന്തോഷിക്കുന്നു'', സിന്ധു കൃഷ്‍ണ വ്ളോഗിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക