ഫ്രീയായി തങ്ങൾ ആരെയും പഠിപ്പിച്ചിട്ടില്ലെന്നും പറയുന്നു സൗഭാഗ്യ വെങ്കിടേഷ്.

ടിക് ടോക്കുകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളായ സൗഭാഗ്യ വെങ്കിടേഷ്. സ്വന്തമായി ഒരു നൃത്ത വിദ്യാലയവും സൗഭാഗ്യ നടത്തുന്നുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. തന്റെ ഡാൻസ് സ്‍കൂളിൽ ഫീസ് കുറവാണെന്നും മറ്റു വരുമാന മാർഗങ്ങൾ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ പറ്റുന്നതെന്നും സൗഭാഗ്യ പറയുന്നു.

''ഡാൻസ് പഠിക്കുക എന്നത് വളരെ ചിലവുള്ള കാര്യമാണ്. ഞങ്ങൾക്ക് മറ്റു വരുമാന മാർഗങ്ങൾ ഉള്ളതുകൊണ്ടാണ് കുറഞ്ഞ ഫീസ് വാങ്ങി പഠിപ്പിക്കാൻ പറ്റുന്നത്. അതുകൊണ്ട് കൂടിയ ഫീസ് വാങ്ങുന്നവർ ചെയ്യുന്നത് തെറ്റാണെന്നൊന്നും ഞാൻ പറയുന്നില്ല. ഒരു ഡാൻസ് പ്രോഗ്രാം നടത്തുന്നത് എന്നത് അത്ര എളുപ്പമൊന്നുമല്ല.

ഫ്രീയായി ഞങ്ങൾ ആരെയും പഠിപ്പിച്ചിട്ടില്ല. ഫീസ് മറ്റുള്ളതിനെ അപേക്ഷിച്ച് കുറച്ച് മാത്രമെ വാങ്ങിച്ചിട്ടുള്ളൂ. പിന്നെ പ്രോഗ്രാം ചെയ്യുമ്പോൾ മറ്റുള്ള സ്ഥലങ്ങളിൽ അരലക്ഷമോ ഒരു ലക്ഷമോ ചിലവ് ആകും. പക്ഷെ ഇവിടെ ആയിരമോ ആയിരത്തി അഞ്ഞൂറോ മാത്രമേ ആകൂ. മുഴുവൻ ഫ്രീയായി ചെയ്യാൻ പറ്റില്ല. അങ്ങനെ ചോദിക്കുന്നവരുണ്ട്. ചിലരോട് അഡ്മിഷൻ ഫീസ് ചോദിച്ചാൽ അവർ മുഖം ചുളിക്കും. നിങ്ങൾ‌ ഫ്രീയായി പഠിപ്പിക്കും എന്നാണ് വിചാരിച്ചത് എന്നൊക്കെ പറയും. ആർട്ടിസ്റ്റുകൾക്കും ജീവിക്കണ്ടേ. ഞാൻ ഇതൊരു കരിയറാക്കി എടുത്തത് അതിൽ നിന്നും ഒരു വരുമാനം ഉണ്ടാക്കാൻ വേണ്ടി കൂടിയാണ്'', മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ സൗഭാഗ്യ വെങ്കിടേഷ് പറഞ്ഞു.

വലിയ ഇന്റീരിയറൊക്കെ ചെയ്‍ത ഡാൻസ് സ്‍കൂളല്ല തങ്ങളുടേതെന്നും ആ പണം പ്രോഗ്രാമുകൾക്കു വേണ്ടിയാണ് ചെലവഴിക്കാറുള്ളത് എന്നുമായിരുന്നു സൗഭാഗ്യക്കൊപ്പം അഭിമുഖത്തിൽ ഉണ്ടായിരുന്ന അർജുന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക