ബോഡി ട്രാൻസ്ഫർമേഷനു ശേഷം സൗഭാഗ്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് വീഡിയോയും തരംഗമായിരുന്നു
നടി, നർത്തകി, സോഷ്യൽ മീഡിയ താരം എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടനും സോഷ്യൽ മീഡിയ താരവുമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ശരീരഭാരം കുറച്ച് കൂടുതൽ സ്ലിമ്മായി മാറിയിരിക്കുകയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് സൗഭാഗ്യ.
''മൂന്നു മാസം കൊണ്ട് 16 കിലോയാണ് കുറച്ചത്. അത് എല്ലാവർക്കും എടുക്കാൻ പറ്റുന്ന ട്രാൻസ്ഫർമേഷൻ പ്രോഗ്രാം അല്ല. എൻഡോക്രൈനോളജിസ്റ്റ് പരിശോധിച്ച് അപ്രൂവൽ കിട്ടിയവർക്കു മാത്രമേ എടുക്കാൻ പറ്റൂ. ഞാൻ അതിന് ശരിയായ കാൻഡിഡേറ്റ് ആയിരുന്നു. അർജുൻ ചേട്ടൻ ഇപ്പോൾ അല്ല. കുറേ ബ്ലഡ് വാല്യൂസ് ഒക്കെ ശരിയാക്കാനുണ്ട്. അതൊക്കെ ശരിയായതിനു ശേഷം എൻഡോക്രൈനോളജിസ്റ്റ് പറഞ്ഞിട്ടേ എടുക്കാൻ സാധിക്കൂ'', സൗഭാഗ്യ പറഞ്ഞു.
ഈ ട്രാൻസ്ഫർമേഷൻ ചലഞ്ചിങ്ങ് ആയിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. ''ട്രീറ്റ്മെന്റ് ആകുമ്പോൾ ചെറിയ സൈഡ് ഇഫ്ക്ട്സ് ഒക്കെ ഉണ്ടാകുമല്ലോ. അതിന്റേതായ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഈ ലക്ഷ്യം അതിനേക്കാൾ പ്രധാനമായതുകൊണ്ട് അതൊക്കെ സഹിക്കാൻ പറ്റി'', സൗഭാഗ്യ കൂട്ടിച്ചേർത്തു.
ബോഡി ട്രാൻസ്ഫർമേഷനു ശേഷം സൗഭാഗ്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് വീഡിയോയും തരംഗമായിരുന്നു. ''പഴയ വിഡിയോ ആണെന്നാണ് കരുതിയത്'', എന്നാണ് ഇതിനു താഴെ പലരും കമന്റു ചെയ്തത്. നടി കല്യാണി പണിക്കർ ഉൾപ്പെടെ നിരവധിയാളുകൾ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
