Asianet News MalayalamAsianet News Malayalam

ഭാര്യയുടെ വള വിറ്റ് ശ്രീനിവാസന്‍റെ വിവാഹത്തിന് ഒപ്പം നിന്ന ഇന്നസെന്‍റ്

ആധികം ആരെയും അറിയിക്കാതെ നടത്താന്‍ തീരുമാനിച്ച വിവാഹത്തെക്കുറിച്ച് ശ്രീനിവാസന്‍ ആദ്യം പറഞ്ഞത് ഇന്നസെന്‍റിനോട് ആണ്

innocent sold gold ornaments of wife to give money to sreenivasan for his marriage nsn
Author
First Published Mar 27, 2023, 12:04 PM IST

പണത്തിന്‍റെ ആവശ്യം മറ്റാരെക്കാളും അറിയാവുന്ന ആളാണ് ഇന്നസെന്‍റ്. നടനാവാന്‍ മദിരാശിക്ക് വണ്ടികയറിയ അദ്ദേഹത്തിന്‍റെ കോടമ്പാക്കത്തെ ആദ്യ കാലം വറുതിയുടേതായിരുന്നു. പൈസയുടെ വില അറിയുന്നതുകൊണ്ടുതന്നെ അടുപ്പക്കാര്‍ക്ക് ഒരാവശ്യം വന്നാല്‍ മുന്‍ പിന്‍ നോക്കാതെ തന്നാലാവുന്ന സഹായം ഇന്നസെന്‍റ് ചെയ്തിരിക്കും. സിനിമയിലെ അടുത്ത സുഹൃത്ത് ശ്രീനിവാസന്‍റെ വിവാഹത്തിന് ഇന്നസെന്‍റ് നല്‍കിയ മൂല്യമേറിയ ഒരു സഹായത്തെക്കുറിച്ച് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

1984 ല്‍ ആയിരുന്നു ശ്രീനിവാസന്‍റെ വിവാഹം. ഇന്നസെന്‍റും ഡേവിഡ് കാച്ചപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ശ്രീനിവാസന്‍ തന്‍റെ വിവാഹക്കാര്യം തീര്‍ച്ഛപ്പെടുത്തുന്നത്. പരിചയക്കാരെയൊന്നും അറിയിക്കാതെ ഒരു രജിസ്റ്റര്‍ വിവാഹമാണ് ശ്രീനി വിഭാവനം ചെയ്തത്. പക്ഷേ അതിനും കൈയില്‍ പണമില്ല. ഇന്നസെന്‍റിനോടാണ് ഇക്കാര്യം ആദ്യം അവതരിപ്പിക്കുന്നത്. അന്ന് ലൊക്കേഷനില്‍ നിന്ന് പോകുന്നേരം ശ്രീനിവാസന്‍റെ കൈയില്‍ ഇന്നസെന്‍റ് ഒരു പൊതി ഏല്‍പ്പിച്ചു. പണമായിരുന്നു അത്. ശ്രീനിവാസന്‍ അത് എണ്ണി നോക്കിയപ്പോള്‍ 400 രൂപ. അന്നത്തെ മൂല്യം വച്ച് നോക്കുമ്പോള്‍ ഭേദപ്പെട്ട തുക. ഇത് എവിടെനിന്ന് സംഘടിപ്പിച്ചെന്ന ശ്രീനിയുടെ ചോദ്യത്തിന് ഭാര്യയുടെ രണ്ട് വള കൂടി വിറ്റു എന്നായിരുന്നു ഇന്നസെന്‍റിന്‍റെ മറുപടി. ഇന്നസെന്‍റ് അന്ന് നല്‍കിയ പണം കൊണ്ടാണ് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങിയതെന്ന് ശ്രീനിവാസന്‍ പിന്നീട് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. 

എന്നാല്‍ അതുകൊണ്ടും തന്‍റെ സാമ്പത്തിക പ്രയാസം അവസാനിച്ചില്ലെന്നും മമ്മൂട്ടിയോട് 2000 രൂപ കൂടി വാങ്ങിയാണ് കല്യാണം നടത്തിയതെന്നും ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. ഇന്നസെന്‍റിനെ അനുസ്മരിച്ച് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.

"എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി  അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.. ", വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ : നാട്ടിലെ വീടുകള്‍ക്കെല്ലാം പേര് പാര്‍പ്പിടം! ആ പേരിന് പിന്നില്‍ ഒരു കഥയുണ്ട്

Follow Us:
Download App:
  • android
  • ios