പോണ്‍താരങ്ങളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. ഇത്തരത്തിലുള്ള ആയിരത്തിലേറെ അക്കൗണ്ടുകളാണ് ഈ വര്‍ഷം ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. ഡിലീറ്റ് ചെയ്യപ്പെട്ട പല അക്കൗണ്ടുകളും ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ളവയുമായിരുന്നു. ഇന്‍സ്റ്റഗ്രാമിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് (പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍) അതിലംഘിച്ചതാണ് കാരണമായി ഔദ്യോഗികമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ നഗ്നതയോ ലൈംഗികതയോ അടങ്ങിയ പോസ്റ്റുകള്‍ പങ്കുവച്ചതിനല്ല ഈ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നതെന്നും പോണ്‍താരങ്ങളെ രണ്ടാംതരക്കാരായി കാണുന്ന മനസ്ഥിതിയാണ് ഇതെന്നും അവരുടെ സംഘടന അഡള്‍ട്ട് പെര്‍ഫോമേഴ്‌സ് ആക്ടേഴ്‌സ് ഗില്‍ഡ് അഭിപ്രായപ്പെടുന്നു.

 

'ഷാരോണ്‍ സ്‌റ്റോണോ (ഹോളിവുഡ് നടി) വേരിഫൈ ചെയ്യപ്പെട്ട മറ്റ് പ്രൊഫൈലുകളോ എങ്ങനെയാണോ അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്, അങ്ങനെ ചെയ്യാന്‍ എനിക്കും സാധിക്കണം. പക്ഷേ എനിക്കതിന് കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. ഞാന്‍ അത്തരത്തില്‍ ശ്രമിക്കുന്നതിന്റെ അന്തിമഫലം, എന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുക എന്നതായിരിക്കും. ഞങ്ങള്‍ക്കെതിരേ വിവേചനമാണ് അവര്‍ കാട്ടുന്നത്. കാരണം ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ ഞങ്ങള്‍ ചെയ്യുന്ന ജോലി അവര്‍ ഇഷ്ടപ്പെടുന്നില്ല', അഡള്‍ട്ട് പെര്‍ഫോമേഴ്‌സ് ആക്ടേഴ്‌സ് ഗില്‍ഡിന്റെ (എപിഎജി) പ്രസിഡന്റ് അലന ഇവാന്‍സ് അഭിപ്രായപ്പെടുന്നു.

 

പ്രശസ്ത പോണ്‍ താരം ജെസീക്ക ജെയിംസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അവരുടെ മരണശേഷം ഡിലീറ്റ് ചെയ്യപ്പെട്ടത് ഏറെ വേദനാജനകമായിരുന്നുവെന്നും പറയുന്നു അലന ഇവാന്‍സ്. ഒന്‍പത് ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ജെസീക്കയുടെ അക്കൗണ്ട് സെപ്റ്റംബറില്‍ അവരുടെ മരണശേഷം ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവാന്‍സ് ഉള്‍പ്പെടെയുള്ള, സംഘടനാ പ്രവര്‍ത്തകരുടെ പരിശ്രമഫലമായി ആ അക്കൗണ്ട് പുന:സ്ഥാപിക്കപ്പെട്ടു. എന്നാല്‍ പോണ്‍ താരങ്ങളുടെ സംഘടനാ നേതാക്കളുടെ അക്കൗണ്ടുകളും ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അഡള്‍ട്ട് വര്‍ക്കേഴ്‌സ് അവകാശ പ്രവര്‍ത്തക ജിഞ്ചര്‍ ബാങ്ക്‌സിന്റേത് ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യപ്പെട്ട അക്കൗണ്ട് ആണ്. 'പോണ്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വരുമാനത്തെ ഈ റിപ്പോര്‍ട്ടിംഗ് ബാധിക്കുന്നുണ്ടെന്ന് അത് ചെയ്യുന്നവര്‍ മനസിലാവുന്നുണ്ടാവില്ല അല്ലെങ്കില്‍ അവര്‍ അതില്‍ ഗൗരവം കാണുന്നില്ല. ഞങ്ങള്‍ ഈ ജോലി ചെയ്യരുതെന്നോ ഈ തൊഴില്‍മേഖല തന്നെ നിലനില്‍ക്കരുതെന്നോ ആവാം അവര്‍ കരുതുന്നത്', ജിഞ്ചര്‍ ബാങ്ക്‌സ് പറയുന്നു.

 

ഈ വിഷയത്തില്‍ ഇന്‍സ്റ്റഗ്രാം ഉടമസ്ഥരായ ഫേസ്ബുക്കിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. 'വൈവിധ്യങ്ങളടങ്ങുന്ന ഒരു ആഗോള സമൂഹം മുന്നിലുള്ളപ്പോള്‍ നഗ്നതയും ലൈംഗികതയും സംബന്ധിച്ച് ചില നിബന്ധനകള്‍ ഉണ്ടാക്കേണ്ടിവരും. ഉള്ളടക്കം എല്ലാവരെ സംബന്ധിച്ചും 'ഉചിത'മാകുന്നതിന് വേണ്ടിയാണ് ഇത്, പ്രത്യേകിച്ചും യുവാക്കളായ ഉപയോക്താക്കള്‍ക്ക്. ഈ നിബന്ധനകള്‍ ലംഘിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്കെതിരേ ഞങ്ങള്‍ നടപടി സ്വീകരിക്കുന്നതായിരിക്കും. തീരുമാനം പുന:പരിശോധിക്കാനായി അവകാശപ്പെടാനുള്ള വേദി ഉണ്ടായിരിക്കും. തെറ്റായ രീതിയില്‍ ഒഴിവാക്കപ്പെട്ട ഉള്ളടക്കം പുന:സ്ഥാപിക്കുന്നതുമായിരിക്കും'. എന്നാല്‍ ഫേസ്ബുക്കിന്റേത് വെറും വാഗ്ദാനം മാത്രമായി ചുരുങ്ങുന്നുവെന്നാണ് പോണ്‍ താരങ്ങളുടെ സംഘടനകള്‍ ആരോപിക്കുന്നത്.