Asianet News MalayalamAsianet News Malayalam

'ആക്ഷൻ മാത്രമല്ല, ഡാൻസും പിന്നാലെ വരുന്നുണ്ട്', ബിജുക്കുട്ടനുമായി അഭിമുഖം

പുതിയ സിനിമയിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് ബിജുക്കുട്ടൻ.

Interview with artist Bijukutan
Author
Kochi, First Published Jun 24, 2021, 3:29 PM IST

മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‍കറിന്റെ ആനന്ദകല്യാണം എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നപ്പോള്‍ നായകനൊപ്പം ശ്രദ്ധ നേടുകയാണ് ബിജുക്കുട്ടനും. ആക്ഷൻ രംഗങ്ങളില്‍ ബിജുക്കുട്ടനും നിറഞ്ഞുനില്‍ക്കുന്നതിനാലാണ് അത്. ബിജുക്കുട്ടൻ ഉള്‍പ്പടെയുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. വെറുമൊരു ചങ്ങാതി കഥാപാത്രമല്ല മറിച്ച് നായകനൊപ്പം കട്ടയ്‍ക്കുനില്‍ക്കുന്ന ആളാണ് ആനന്ദകല്യാണത്തിലേത് എന്ന് ബിജു കുട്ടൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

നായകനൊപ്പം കട്ടയ്‍ക്ക് നില്‍ക്കുന്ന സുഹൃത്ത്

ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു കഥാപാത്രം. നായകന്റെ സുഹൃത്തായിട്ടു തന്നെയാണ് സിനിമയിലുള്ളത്. എന്നാല്‍ നായകന്റെ ഒപ്പം തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ട്.സാധാരണ സിനിമകളില്‍ നായകന്റെ ആക്ഷൻ രംഗങ്ങളില്‍ എന്റെ കഥാപാത്രം മാറനില്‍ക്കുകയാണ് ചെയ്യാറുള്ളത്. അല്ലെങ്കില്‍ തമാശയ്‍ക്കായി ആക്ഷൻ രംഗങ്ങളില്‍ ചേരും. ഇതങ്ങനെയല്ല, കുറച്ച് സീരിയസായിട്ടുതന്നയാണ് ചെയ്യുന്നത്. നല്ലതായി ചെയ്യാനും പറ്റി.

സിനിമ ചെയ്യാൻ വിളിച്ചപ്പോള്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നായകന്റെ കൂട്ടുകാരനാണ്. നായകന് എന്തെല്ലാം പറ്റുമോ അതൊക്കെ നമുക്കും പറ്റുമെന്ന് പറഞ്ഞിടാണ് വിളിച്ചത്. നമ്മള്‍ നായകന്റെ കൂടെ ഇൻവോള്‍വായി നില്‍ക്കണമെന്ന് പറഞ്ഞു. കബീറിന്റെ ദിവസങ്ങള്‍ എന്ന സിനിമയിലും ഇങ്ങനെ ആക്ഷൻ രംഗങ്ങളുണ്ട്. ഫൈറ്റുണ്ട്, ഡാൻസുണ്ട് എന്നൊക്കെ പറഞ്ഞാണ് ആനന്ദകല്യാണത്തിലേക്ക് വിളിച്ചത്. ഇനി ഡാൻസ് വരാനുണ്ട്.

മമ്മൂക്കയുടെ സുഹൃത്തായി മുഴുനീള കഥാപാത്രം ചെയ്‍തിട്ടുണ്ട്. ദുല്‍ഖറിന്റെ കൂടെ സിനിമകള്‍ ചെയ്‍തിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ മൊത്തമുള്ള കഥാപാത്രമായിട്ട് ചെയ്‍തിട്ടില്ല. ലാലേട്ടന്റെ കൂടെയും മകൻ പ്രണവിന്റെ കൂടെയും സുരേഷേട്ടന്റെ കൂടെയും മകൻ ഗോകുലിന്റെ കൂടെയും സിദ്ധിക് ഇക്കയുടെയും മകന്റെ കൂടെയുമൊക്കെ കഥാപാത്രങ്ങള്‍ ചെയ്‍തു. അച്ഛന്റെയും മക്കളുടെയും കൂടെ അഭിനയിക്കാൻ പറ്റുന്നത് ഒരു  ഭാഗ്യമാണല്ലോ.

വയസാകുകയല്ലേ, കുറച്ച് വ്യായാമം വേണം

സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്‍ത വര്‍ക്ക് ഔട്ട് വീഡിയോയെ കുറിച്ചും ബിജുക്കുട്ടൻ പ്രതികരിച്ചു.  കൂട്ടുകാരുടെ കൂടി പണ്ട് നടക്കാൻ പോകാറുണ്ട്. ഷൂട്ടിംഗ് കാരണം വൈകിയാണ് ഇപ്പോള്‍ എഴുന്നേല്‍ക്കുന്നത്. അപ്പോള്‍ നടക്കാൻ പോകല്‍ ഒന്നും അങ്ങനെ നടക്കില്ല. ഇപോള്‍ എത്ര വൈകിയാലും നടക്കാതിരിക്കാൻ പറ്റില്ല. കാരണം ഒരു ട്രെഡ് മില്‍ വാങ്ങിച്ചിട്ടുണ്ട്. ആകുന്ന കുറച്ച് വ്യായാമങ്ങള്‍ ഒക്കെ ചെയ്യും. വയസായി വരുകയുമല്ലേ? ഷുഗര്‍, കൊളസ്ട്രോള്‍ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണ്ടേ.  ഭക്ഷണകാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട്. കൈ പൊക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു നേരത്തെ. മുഖമൊക്കെ ചീര്‍ത്തിരുന്നു. ഇപ്പോള്‍ അതിന് മാറ്റം  വന്നിട്ടുണ്ട്. ഉയരത്തിന് അനുസരിച്ചുള്ള ഭാരമാണ് ഇപ്പോള്‍ എന്ന് ഡോക്ടര്‍ പറഞ്ഞു. തടി കുറയുന്നുണ്ടെന്നും മനസിലായി. ഷുഗറാണോ എന്തുപറ്റി എന്നൊക്കെ ആള്‍ക്കാര്‍  ചോദിക്കുമ്പോള്‍ നമുക്ക് അറിയാലോ വർക്കൗട്ട് ചെയ്യുന്നതുകൊണ്ടാണെന്ന്.

വർക്കൗട്ട് ചെയ്യുന്ന വീഡിയോയ്‍ക്ക് വന്ന കമന്റുകളൊക്കെ ശ്രദ്ധിച്ചിരുന്നു. സാധാരണ എനിക്ക് ഇങ്ങനെ മുടിയുള്ളത് അധികമാരും കണ്ടിട്ടില്ല. വിഗ് ഒക്കെ വയ്‍ക്കുകയല്ലേ ചെയ്യുന്നത്. കൊവിഡ് കാലമായത് കൊണ്ട് മുടി മുറിക്കാനൊന്നും സൗകര്യം കിട്ടിയില്ല. ട്രാൻസ്‍പ്ലാന്റ് ചെയ്‍തതാണോ എന്ന് ചിലര്‍ കമന്റായി ചോദിച്ചു. അല്ല വളര്‍ന്നതാണ്.

കൊവിഡ് കാലത്തെ ദുരിതം

കൊവിഡും പ്രളയവും ഒക്കെ കാരണം കലാകാരൻമാരുടെ കാര്യം ബുദ്ധിമുട്ടാണ്. നമുക്ക് ടിവി പ്രോഗ്രാമുകളൊക്കെ കിട്ടുന്നതുകൊണ്ട് പിടിച്ചനില്‍ക്കാം. ഗാനമേള, മിമിക്രി, നാടകം തുടങ്ങിയ സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്യുന്നവരുടെ കാര്യം കഷ്‍ടമാണ്. നമ്മള്‍ക്ക് ചെയ്യാൻ പറ്റുന്ന ചില സഹായങ്ങളൊക്കെ ചെയ്യാറുണ്ട്. അതിനൊക്കെ പരിമിതികളില്ലേ. നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കാം.

പുതിയ പ്രൊജക്റ്റുകള്‍

മിന്നല്‍ മുരളിയാണ് ഡബിംഗ് നടക്കുന്നത്. മൈക്കിള്‍ ജാക്സണ്‍ എന്ന സിനിമ വരാനുണ്ട്. കര്‍ണൻ, നെപ്പോളിയൻ, ഭഗത് സിംഗ് എന്ന സിനിമയുണ്ട് തിയറ്റര്‍ റിലീസാണ് എന്നാണ് വിചാരിക്കുന്നത്. ഒടിടി റിലീസിനോട് അത്ര താല്‍പര്യമില്ല.

Follow Us:
Download App:
  • android
  • ios