Asianet News Malayalam

'മഹാമാരിക്കാലം എങ്ങനെ മറികടക്കുമെന്നാണ് നോക്കേണ്ടത്', ഭാര്യയുടെ വാക്കുകളില്‍ ഞാൻ സംവിധായകനായി

ശരത് അപ്പാനി ആദ്യമായി സംവിധാനം ചെയ്യുന്ന 'മോണിക്ക' എന്ന സീരിസില്‍ ഭാര്യ രേഷ്‍മയും അഭിനയിക്കുന്നു.

Interview with Sarath Apani
Author
Kochi, First Published Jul 1, 2021, 4:30 PM IST
  • Facebook
  • Twitter
  • Whatsapp

'അങ്ങനെയൊന്നും പറയല്ലേ, എനിക്ക് അഭിനയിക്കണം'- സിനിമയിലും ഇനി സംവിധായകനായിട്ടാണോ കാണുകയെന്ന ചോദ്യത്തിന് ശരത്ത് അപ്പാനിയുടെ പൊടുന്നനെയുള്ള മറുപടി ഇങ്ങനെയാണ്. 'മോണിക്ക' എന്ന വെബ്‍സീരിസിലൂടെ ആദ്യമായി സംവിധായകനാകുമ്പോഴും അഭിനയം വിട്ട് മറ്റൊന്നുമില്ല ശരത് അപ്പാനിക്കു മുന്നില്‍. മഹാമാരിക്കാലമാണ് ശരത് അപ്പാനിയെ സംവിധായകനാക്കിയത്. യൂട്യൂബിലൂടെയാണ് തന്റെ ആദ്യ സംവിധാന സംരഭം ശരത് അപ്പാനി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ഇതുവരെ അറിയാത്ത ജോലിയാണെങ്കിലും വൃത്തിയോടെ മാത്രമേ താൻ എന്തെങ്കിലും ചെയ്യൂവെന്നും ആദ്യ സംവിധാനത്തെ കുറിച്ച് ഉറപ്പിച്ചു പറയുന്നു ശരത് അപ്പാനി. ഭാര്യയും ഭരതനാട്യം നര്‍ത്തകിയുമായ രേഷ്‍മയുടെ ചോദ്യങ്ങളും പ്രചോദനവുമാണ് 'മോണിക്ക'യുടെ സംവിധാനത്തിലേക്ക് തന്നെ എത്തിച്ചതെന്നും ശരത് അപ്പാനി പറയുന്നു. ആദ്യമായി സംവിധാനത്തൊപ്പിയണിയുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് ശരത് അപ്പാനി.

ശരത് അപ്പാനി എങ്ങനെയാണ് സംവിധായകനാകാൻ തീരുമാനിക്കുന്നത്?

നാടകരംഗത്ത് നില്‍ക്കുമ്പോള്‍ കലോത്സവങ്ങളിലും മറ്റും സ്‍കൂള്‍ നാടകങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. നാടകപരിശീലനവും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയുടെ സംവിധായകനാകുന്ന കാര്യം സ്വപ്‍നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞാൻ സിനിമയില്‍ വന്നിട്ട് നാല് വര്‍ഷമായി. നമ്മള്‍ ഒപ്പം പ്രവര്‍ത്തിച്ച ഒരുപാട് സംവിധായകരുണ്ട്. കുറെ ആള്‍ക്കാരുണ്ട്. അവരില്‍ നിന്ന് ഒരുപാട് പഠിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരു കലാസംവിധായകൻ എങ്ങനെയാണ് പ്രോപ്പര്‍ട്ടി ഉപയോഗിക്കുന്നത്, അല്ലെങ്കില്‍ ഒരു സംവിധായകന്റെ രീതികള്‍ എങ്ങനെയൊക്കെയാണ് എന്നൊക്കെ പഠിക്കാൻ ശ്രമിക്കാറുണ്ട്.  അങ്ങനെയായിരുന്നെങ്കിലും സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഇല്ലായിരുന്നു.

എഴുത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കാൻ ആഗ്രഹിച്ചിരുന്നു. ചാരൻ എന്നുപറയുന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതിത്തീര്‍ത്തതാണ്. സിനിമയുടെ ചിത്രീകരണത്തിലേക്ക് എത്തിയപ്പോഴാണ് ആദ്യത്തെ ലോക്ക് ഡൗണ്‍.ലോക്ക് ഡൗണ്‍ മാറിയപ്പോള്‍ ഞാൻ മുമ്പ് ഏറ്റെടുത്തിരുന്ന വര്‍ക്കുകളിലേക്ക് പോയി. തമിഴില്‍ ചില നല്ല വേഷങ്ങള്‍ ചെയ്യാനിരിക്കേ അടുത്ത ലോക്ക് ഡൗണും വന്നു. എല്ലാ കലാകാരൻമാരെയും പോലെ എന്നെയും മൊത്തം അടിമുടി തകര്‍ത്തുകളഞ്ഞു. മാനസികമായ ബുദ്ധിമുട്ടിലായിരുന്നു.

കാനഡയില്‍ എന്റെ ഒരു സുഹൃത്തുണ്ട്.  കാന്റില്‍ലൂപ് മീഡിയ എന്ന യൂട്യൂബ് ചാനലൊക്കെ നടത്തുന്ന വിഷ്‍ണു. അദ്ദേഹത്തോട് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് ഒരു വെബ് സീരിസ് പ്ലാൻ ചെയ്യാൻ എന്നോട് നിര്‍ദ്ദേശിച്ചത്. ഞാൻ എന്റെ ഭാര്യയോടും ചര്‍ച്ച ചെയ്‍തു. നല്ലതല്ലേ എന്നായിരുന്നു മറുപടി. എന്നാല്‍ ആശങ്കയുണ്ടായിരുന്നു. ഓട്ടോ ശങ്കര്‍ പോലുള്ളത് ഇന്റര്‍നാഷണല്‍ പ്ലാറ്റ്‍ഫോമില്‍ ചെയ്‍തിട്ട് ഒരു വെബ് സീരീസ് എന്ന് പറഞ്ഞ് യൂട്യൂബില്‍ എത്തിയാല്‍ ആള്‍ക്കാര്‍ എങ്ങനെയെടുക്കുമെന്ന് പറയാനാകില്ല. ലോക്ക് ഡൗണ്‍ ഒക്കെ കഴിഞ്ഞ് സജീവമാകാനാകും എന്ന കോണ്‍ഫിഡൻസും ഉണ്ട്. 

നമ്മള്‍ അതൊന്നുമല്ല ഇപ്പോള്‍ നോക്കേണ്ടത് എന്നായിരുന്നു ഭാര്യയുടെ വാദം. ഇപ്പോഴത്തെ മഹാമാരിക്കാലം എങ്ങനെ മറികടക്കുന്നുവെന്നാണ് നോക്കേണ്ടത്. നിങ്ങള്‍ ചെയ്‍തുവെച്ചതോ ഇനി ചെയ്യാൻ  പോകുന്ന കഥാപാത്രങ്ങളെയോ ഓര്‍ത്ത് വേവലാതിപ്പെടേണ്ട. ഇപ്പോള്‍ എങ്ങനെ ഇത് മറികടക്കാം, തരണം  ചെയ്യാം എന്ന് ആലോചിച്ചാല്‍ മതിയെന്നായിരുന്നു ഭാര്യ പറഞ്ഞത്. ശരിക്കും പറഞ്ഞാല്‍ ഭാര്യയുടെ വാക്കുകളാണ് പ്രചോദനമായത്. അങ്ങനെ 'മോണിക്ക'യുടെ സംവിധായകനായി മുന്നിട്ടിറങ്ങുകയായിരുന്നു.  വെബ് സീരിസിന്റെ നരേഷൻ പോലെ രണ്ടുദിവസം കൊണ്ട് ഞാൻ ഒരു വണ്‍ ലൈൻ എഴുതി. അത് ഞാനും കുടുംബവും ഡെവലപ് ചെയ്‍തു.  മനു സി പ്ലാവിലയാണ് തിരക്കഥയും ഡയലോഗും എഴുതുന്നത്.

 

ഭാര്യയും 'മോണിക്ക'യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടല്ലോ?

അതെ. ഭാര്യയാണ് ഇതിന്റെ നെടുംതൂണ്‍. ഭാര്യയുടെ പ്രചോദനമാണ് ഈ സീരീസ് സംഭവിക്കാൻ തന്നെ കാരണം. കാലടി സര്‍വകലാശാലയില്‍ ഭരതനാട്യം പഠിച്ചയാളാണ്.  ഞാനും പ്രധാന കഥാപാത്രം ചെയ്‍തോട്ടെ എന്നു ചോദിച്ചു. തീര്‍ച്ചയായും എന്നായിരുന്നു എന്റെ ആദ്യത്തെ മറുപടി. എങ്ങനെ ആകും എന്ന് അറിയില്ലായിരുന്നു. കാരണം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ എപ്പോഴും തമാശയാണ്. പക്ഷേ വളരെ ഭംഗിയായി രേഷ്‍മ ചെയ്‍തു. ഫൈനല്‍ എഡിറ്റ് ചെയ്‍തുകണ്ടപ്പോള്‍,  രേഷ്‍മയുടെ അഭിനയം നല്ലതാണെന്നാണ് എല്ലാവരും പറയുന്നത്.

'മോണിക്ക' സീരീസില്‍ നിന്ന് പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഇത് പക്കാ ത്രില്ലര്‍ ഹ്യൂമര്‍ ആണ്. ഞാൻ ഒരുപാട് ഇഷ്‍ടപ്പെടുന്ന ആളാണ് ചാര്‍ളി ചാപ്ലിൻ. കുട്ടിക്കാലം മുതലേ, നാടകം ചെയ്യുമ്പോള്‍ ബോഡി ലാംഗ്വേജ് വെച്ചിട്ട് പെര്‍ഫോം ചെയ്യാൻ എനിക്ക് ഇഷ്‍ടമാണ്. തെരുവുനാടകം ചെയ്യുന്നത് കൊണ്ടാകാം അത്. ആദ്യം തന്നെ കിട്ടിയത് വില്ലൻ ക്യാരക്ടര്‍ ആയതുകൊണ്ട് അവിടെ സ്റ്റക്ക് ആയി നില്‍ക്കുന്നുവെന്നേയുള്ളൂ. ഞാൻ ഹ്യൂമര്‍ നാടകങ്ങള്‍ ചെയ്‍തിട്ടുണ്ട്. ചാര്‍ളി ചാപ്ലിന്റെ ബോഡി ലാംഗ്വേജ് ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'മോണിക്ക'യിലെ കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെര്‍ഫോര്‍മൻസിനാണ് പ്രാധാന്യം. ആദ്യമായി ചെയ്യുന്നത് എന്നര്‍ഥത്തില്‍ സംവിധാനത്തില്‍ തെറ്റുകുറ്റങ്ങള്‍ വന്നാല്‍ പോലും പെര്‍ഫോര്‍മൻസില്‍ നിന്നുകൊള്ളും. റിയലിസ്റ്റിക് അല്ല. അരം പ്ലസ് കിന്നരം, ബോയിംഗ് ബോയിംഗ് തുടങ്ങിയ സിനിമകളൊക്കെ കണ്ട് നമ്മള്‍ ചിരിച്ചില്ലേ. അതുപോലെ 'മോണിക്ക'യിലും ഹ്യൂമറുണ്ട്. ത്രില്ലുമുണ്ട്. 10 എപ്പിസോഡാണ് ഉള്ളത്.

ഒരു എപ്പിസോഡില്‍ കാനഡയില്‍ നിന്നുള്ള എലമെന്റ്‍സുണ്ട്.  ഷോട്ട് ഡിവിഷനൊക്കെ ചെയ്‍ത് സൂമിലൂടെയാണ് ഡയറക്ട് ചെയ്‍തത്. അവിടത്തെ ആള്‍ക്കാരാണ് ആ രംഗങ്ങളില്‍ അഭിനയിച്ചത്. 

'മോണിക്ക'യില്‍ ഒപ്പമുള്ള മറ്റുള്ളവര്‍?

വര്‍ഷങ്ങളായി അറിയുന്ന ആള്‍ക്കാരാണ് ഇതിലുള്ളത്.  സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്ററില്‍ എംഫില്‍ കഴിഞ്ഞ മനു സി പ്ലാവില കുട്ടിക്കാലം മുതലേ ഒപ്പം നാടകം ചെയ്‍ത ആളാണ്. തിരക്കഥാകൃത്ത് എന്നതിനുപുറമേ 'മോണിക്ക'യില്‍ പ്രധാന ഒരു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. കൃപേഷ്  അയ്യപ്പൻകുട്ടി പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. സിനോജ് വര്‍ഗീസ് ആണ് മറ്റൊരു അഭിനേതാവ്.

രണ്ട് ഗാനങ്ങളാണ് ഇതില്‍ ഉള്ളത്. ടൈറ്റില്‍ സോംഗ് എഴുതിയിരിക്കുന്നത് ഞാൻ തന്നെയാണ്. കാലടിയില്‍ മ്യൂസിക് പഠിച്ച അക്ഷയ് ആണ് പാടിയിരിക്കുന്നത്

.

ഇനി സിനിമ സംവിധാനമാണോ സ്വപ്‌‍നം?

അങ്ങനെയൊന്നും പറയല്ലേ, എനിക്ക് അഭിനയിക്കണം. അഭിനയമാണ് എന്റെ ജീവിതം.

അപ്പോള്‍ ചാരൻ എന്ന സിനിമയുടെ ഭാവി ഇനിയെന്താണ്?

സിനിമയില്‍ വരുന്നതിന് മുന്നേ നാടകമാക്കാൻ വെച്ച സ്‍ക്രിപ്റ്റ് ആണ്. ഞാൻ വണ്‍ ആക്റ്റ് ചെയ്‍ത സ്‍ക്രിപ്റ്റ് ആണ്. അതിനോട് എനിക്ക് പ്രതിബന്ധതയുണ്ട്. കീറിമുറിച്ച് കൊടുക്കാൻ നില്‍ക്കില്ല. ജെനുവിനായ പ്രൊഡ്യൂസര്‍ വന്നാല്‍ സിനിമ ചെയ്യും. ഇനി ചെയ്യുമെങ്കില്‍ ഞാൻ തന്നെയാകും ഡയറക്ട് ചെയ്യുക. പക്ഷേ അഭിനയിക്കുക മറ്റൊരാളാകും. ഞാനാണ് അഭിനയിക്കുന്നതെങ്കില്‍ പൊരുത്തപ്പെടുന്ന പുതിയ ഒരു ആളായിരിക്കും സംവിധായകൻ. പുതിയൊരാള്‍ക്ക് അവസരം കൊടുക്കുകയെന്നതും പ്രധാനമാണ്.


ശരത് അപ്പാനി നായകനാകുന്ന മിഷൻ സി എന്ന സിനിമയുടെ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ് വലിയ തുകയ്‍ക്കാണ് വിറ്റുപോയത് എന്നാണ് നിര്‍മാതാവ് പറഞ്ഞത്. നല്ല സിനിമയാണ് അത്.  സംവിധായകൻ ജോഷി സാറ് ഞങ്ങളുടെ കൂടെയിരുന്നു സിനിമ കണ്ടു. സിനിമയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. മിഷൻ സിയുടെ സംവിധായകൻ വിനോദ് ഗുരുവായൂരിനെ ഫോണില്‍ വിളിച്ച് എന്നെക്കുറിച്ച് വളരെ നല്ലത് പറഞ്ഞു. അത് എന്നെ വിനോദ് സര്‍ കേള്‍പ്പിച്ചപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. എന്നെപ്പോലെ വളര്‍ന്നുവരുന്ന ഒരാളെ കുറിച്ച് ജോഷി സാറിനെപോലൊരാള്‍ അങ്ങനെ പറയുമ്പോള്‍ അത്  വലിയ അനുഭവമാണ്.

വിനോദ് ഗുരുവായൂരിന്റെ തന്നെ, ജെല്ലിക്കെട്ട് പ്രമേയമാകുന്ന തിമിഴ് സിനിമയില്‍ അഭിനയിക്കാൻ വേണ്ടിയുള്ള പരിശീലനത്തിന്റെ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു?

ജല്ലിക്കെട്ടിനെ കുറിച്ച് ഒരു സിനിമ ഞങ്ങള്‍ പ്രഖ്യാപിച്ചതായിരുന്നു. ഒറിജിനല്‍ ജെല്ലിക്കെട്ട് കാളയ്‍ക്കൊപ്പമാണ് ഞാൻ പരിശീലിച്ചത്. മൂന്ന് ദിവസം അടുത്തുനില്‍ക്കാൻ പറ്റിയില്ല. നാലാം ദിവസം കയറ് കയ്യില്‍ കിട്ടി.  മൂന്ന് ദിവസവും ഒരേ ഷര്‍ട്ട് ആണ് ഞാൻ ഇട്ടത്. നാലാം നാള്‍ കുറച്ച് പരിചയമായി. ആറ് ദിവസം കഴിഞ്ഞപ്പോള്‍ അടുത്തൊക്കെ നില്‍ക്കാൻ പറ്റി. ചെറുതായി ഇണങ്ങി. ഇതിന്റെ അടുത്തുനില്‍ക്കുമ്പോള്‍ വേറെ ഒന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഫുള്‍ കോണ്‍സെൻട്രേഷൻ ഇതിനായിരിക്കണം. ഇനി ഇപ്പോള്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് വീണ്ടും 25 ദിവസങ്ങളെങ്കിലും അതിന്റെ  കൂടെ നില്‍ക്കണം. കാരണം എന്നെ അത് മറന്നുകാണും. രണ്ടുമൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ച കാളയ്‍ക്കൊപ്പമായിരുന്നു പരിശീലനം.

സമീപകാലത്ത് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ വരുന്നതും തമിഴില്‍ നിന്നാണല്ലോ?

അതെ. തമിഴില്‍ നിന്നാണ് കൂടുതല്‍ അവസരങ്ങള്‍ വരുന്നത്. എന്റെ ബോഡി ലാംഗ്വേജ് അനുസരിച്ചുള്ളതായിരിക്കും അവയൊക്കെ. പ്രകടനം അനുസരിച്ചുള്ളതും തമിഴില്‍ നിന്നാണ് വരുന്നത്. ഇപ്പോള്‍ മൂന്ന് സിനിമകള്‍ ചെയ്യാനുള്ളതും തമിഴിലാണ്. ചര്‍ച്ചകള്‍ നടക്കുന്നതും തമിഴ് സിനിമകളാണ്. മലയാളത്തില്‍ ചെയ്യില്ല എന്നല്ല അതിനര്‍ഥം. ഇത് കഴിഞ്ഞയുടൻ മലയാളത്തിലേക്ക് തന്നെ വരും.

അച്ഛനെ കുറിച്ച് അടുത്തിടെ എഴുതിയ കുറിപ്പ് എല്ലാവരും വളരെ വൈകാരികമായിട്ടാണല്ലോ ഏറ്റെടുത്തത്?

സൗണ്ട് ഓപ്പറേറ്ററാണ് എന്റെ അച്ഛൻ. കുട്ടിക്കാലം മുതലേ പാര്‍ട്ടി പരിപാടികളിലും ഉത്സവപറമ്പുകളിലുമാണ് അച്ഛൻ. അച്ഛൻ സൗണ്ട് ചെയ്‍ത ഉത്സവപറമ്പുകളില്‍ ഞാൻ നാടകം ചെയ്‍തിട്ടുണ്ട്. കലാരംഗത്തേയ്‍ക്ക് വരുന്നതിനെ, നമ്മുടെ സാഹചര്യം കാരണം ചെറുപ്പത്തില്‍ അച്ഛൻ നിരുത്സാഹപ്പെടുത്തുമായിരുന്നു. പക്ഷേ   ഇദ്ദേഹം തന്നെയാണ് ഗാനമേള കേള്‍ക്കാനും നാടകം കാണാനും കൊണ്ടുപോയിട്ടുള്ളതും. ഇപ്പോള്‍ സിനിമയില്‍ വന്നപ്പോള്‍ അച്ഛന് സന്തോഷമായി. 

ഉത്സവപറമ്പില്‍ എന്റെ പാട്ട് കേള്‍പ്പിച്ച് ചെത്തുവാണ് അച്ഛൻ.  പൊന്ന് അങ്കിളേ അത് ഓഫ് ചെയ്യൂ നിങ്ങളുടെ മകനാണ് എന്ന് അറിയാമെന്ന് എന്റെ സുഹൃത്തുക്കളൊക്കെ പറയും. അച്ഛൻ ചെയ്യുന്നത് വലിയൊരു പ്രമോഷനാണ്. അച്ഛന് ചെയ്യാനാകുന്ന ഏറ്റവും വലിയ  പ്രമോഷൻ. ദാസേട്ടന്റെ പാട്ടുകളൊക്കെയാണ് പണ്ട് സൗണ്ട് ടെസ്റ്റ് ചെയ്യാൻ ഇടുന്നത്.  എന്റെ സിനിമകളിലെ പാട്ടാണ് അച്ഛൻ ഇടുക. അത് ഉച്ചത്തില്‍ വെച്ച് തൊട്ടടുത്തുള്ള ഗ്രാമം വരെ കേള്‍പ്പിക്കും. ഇപ്പോള്‍ കൊവിഡ് കാലമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി അച്ഛൻ വീട്ടില്‍ തന്നെയാണ്. സുകുവെന്നാണ് അച്ഛന്റെ പേര്. അമ്മ മായ.

സിനിമാനടന്ന നിലയില്‍ സജീവമാണ് ശരത് അപ്പാനി. പക്ഷേ കൊവിഡ് കാലം വരുത്തിയ വലിയ ചോദ്യചിഹ്‍നത്തില്‍ അല്ലേ മറ്റുള്ള കലാകാരൻമാരുടെ ജീവിതം?

ഞാൻ ഇപോഴും സ്ട്രഗിളില്‍ തന്നെയാണ്.  രണ്ട് വര്‍ഷമായി ഒന്നും ചെയ്‍തില്ല. യാതൊരു പാരമ്പര്യവും ഇല്ലാതെ സിനിമയില്‍ വന്നയാളാണ്. പക്ഷേ സിനിമയില്‍ നിന്ന് കിട്ടുന്നതുകൊണ്ടാണ് ജീവിക്കുന്നത്.  ഞാനൊരാളല്ല. എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന മൂന്നുനാല് കുടുംബങ്ങളുണ്ട്. സിനിമയിലെ വരുമാനം ഇല്ലെങ്കില്‍ ഞാൻ പെട്ടുപോകും. പക്ഷേ വീണുപോയാല്‍ പറ്റില്ല. അതുകൊണ്ട് നമ്മള്‍ ഓടും.  നമ്മള്‍ തോറ്റുപോകില്ല. ആരുടെ മുന്നിലും തല  കുനിക്കുകയും ചെയ്യില്ല. പക്ഷേ പിടിച്ചുനില്‍ക്കാൻ അറിയാത്ത പണിയാണ് ചെയ്യുന്നത് എങ്കിലും വൃത്തിയായിട്ടേ ചെയ്യൂ ('മോണിക്ക' എന്ന സീരീസിന്റെ സംവിധാനം .)

കലാകാരൻമാരുടെ അവസ്ഥ വളരെ പരിതാപകരമാണ്. പണ്ട് ഉത്സവങ്ങള്‍ക്ക് ഒക്കെ പ്ലോട്ട് പോകാറില്ലേ. അതില്‍ ഞാൻ ഗരുഢന്റെയൊക്കെ ഒക്കെ പലപല വേഷങ്ങള്‍ കെട്ടി പോകാറുണ്ട്. എനിക്ക് അറിയാം അവരുടെ അവസ്ഥ. പ്ലോട്ട് പോകുന്ന പലരുടെയും ജീവിതം അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ്. കൂലിപ്പണി ഇല്ല. എന്തോ ചെയ്യും. ട്രാൻസ്‍ജെൻഡറുകളൊക്കെ കഷ്‍ടപ്പെടിലാണ്.  ഉത്സവങ്ങളിലും നാടകങ്ങളിലും  ഇങ്ങനെ വേഷം കെട്ടുന്നവരെ എനിക്ക് അറിയാം. എന്റെ വൈഫിന്റെ അച്ഛൻ ചെണ്ടമേളം നടത്തുന്നയാളാണ്. ഇപ്പോള്‍ ചെണ്ടമേളമില്ല. മിമികിസ് പരേഡൊന്നുമില്ല.

ഞാൻ ഉള്‍പ്പെടുന്ന കലാകാരൻമാര്‍ കഷ്‍ടപ്പാടിലാണ്. അപ്പോള്‍ നമ്മള്‍ സഹായിക്കാൻ പാടില്ലേ എന്ന് ചോദിക്കും. അങ്ങനെയൊന്നും വളര്‍ന്നിട്ടില്ല എന്നതാണ് സത്യം.  കഴിഞ്ഞുപോയ രണ്ട് വര്‍ഷം കൂടി ഉണ്ടായിരുന്നെങ്കില്‍ എനിക്ക് പ്രശ്‍മില്ലായിരുന്നു. ഇനിയിപ്പോള്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞു. ഞാൻ പുതിയ സിനിമയില്‍ ജോയിൻ ചെയ്‍തു. ചെന്നൈയില്‍ ശശികുമാറിന്റെ വില്ലനായിട്ടുള്ള ചിത്രമാണ് ഇപോള്‍ ചെയ്‍തുകൊണ്ടിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios