ജോജു ജോര്‍ജ് ഡബിൾ റോളിൽ എത്തുന്ന 'ഇരട്ട' സംവിധാനം ചെയ്യുന്ന പുതുമുഖ സംവിധായകന്‍ രോഹിത് എം.ജി കൃഷ്ണൻ സംസാരിക്കുന്നു.
ജോജു ജോര്‍ജ് ഇരട്ടവേഷങ്ങളിലെത്തുന്ന 'ഇരട്ട' ഫെബ്രുവരി മൂന്നിന് തീയേറ്ററുകളിൽ എത്തും. നവാഗതനായ രോഹിത് എം.ജി കൃഷ്ണൻ ആണ് സംവിധാനം. 2017 മുതൽ രോഹിത് മനസ്സിലിട്ടു നടക്കുന്ന കഥ കൊവിഡ് മഹാമാരിക്ക് ശേഷമാണ് യാഥാര്‍ത്ഥ്യമായത്. ചെറിയ സിനിമയായി എഴുതിയ 'ഇരട്ട'യെ വലിയ ക്യാൻവാസിലാക്കിയത് ജോജു ജോര്‍ജ് തന്നെയാണെന്ന് രോഹിത് പറയുന്നു. 'ഇരട്ട' തീയേറ്ററുകളിലെത്തും മുൻപ് സംവിധായകൻ സംസാരിക്കുന്നു.
'ഇരട്ട'യുടെ ട്രെയിലര്‍ സിനിമയുടെ കഥയെക്കുറിച്ച് കാര്യമായ സൂചനകള്‍ തരുന്നില്ല. എന്താണ് സിനിമയുടെ കഥയെക്കുറിച്ച് സംവിധായകന് പറയാനുള്ളത്?
ഇരട്ട എന്നത് വിനോദ്, പ്രമോദ് എന്നീ രണ്ട് കഥാപാത്രങ്ങളുടെ കഥയാണ്. രണ്ടുവേഷങ്ങളും ചെയ്യുന്നത് ജോജു ജോര്‍ജ് തന്നെയാണ്. രണ്ടു കഥാപാത്രങ്ങളും തമ്മിലുള്ള വൈകാരികമായ ബന്ധമാണ് സിനിമ പറയുന്നത്. അതിന്‍റെ കൂടെ ഒരു പോലീസ് ഇൻവെസ്റ്റിഗേഷനുമുണ്ട്. ഇതാണ് സിനിമയെക്കുറിച്ച് പറയാനുള്ളത്. ഇതിൽ കൂടുതൽ എന്ത് പറഞ്ഞാലും അത് പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതലായിട്ട് ഒന്നും പറയുന്നില്ല.
'ഇരട്ട' ഒരു സസ്പെൻസ് ത്രില്ലര്‍ ആണോ?
ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രം പെടുന്നതല്ല ഇരട്ട എന്ന സിനിമ. ഇതിൽ സസ്പെൻസ് ഉണ്ട്. കുടുംബബന്ധങ്ങളുടെ വൈകാരികമായ രംഗങ്ങളുണ്ട്, ഡ്രാമയുടെ അംശങ്ങളുമുണ്ട്. അതുപോലെ ഒരു പോലീസ് അന്വേഷണവും ഉണ്ട്.
സിനിമയുടെ കഥയെഴുതിയതും രോഹിത് തന്നെയാണ്. ഈ കഥ പൂര്‍ണമായും ഫിക്ഷനാണോ, എങ്ങനെയാണ് ഈ കഥയിലേക്ക് എത്തിയത്?
ഈ കഥ ഞാൻ എഴുതാൻ തുടങ്ങിയത് 2017-ലാണ്. സിനിമാ മേഖലയിൽ വലിയ പരിചയങ്ങളില്ലാത്തതിനാൽ ചെറിയൊരു സിനിമ എടുക്കാമെന്നതായിരുന്നു എന്‍റെ ലക്ഷ്യം. ചെറിയ ലൊക്കേഷനുകളിൽ ചെറിയ ബജറ്റിൽ ചെയ്ത സിനിമകളെക്കുറിച്ച് പഠിച്ചു. ആ സിനിമകളിലെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തിയ ഘടകം എന്താണെന്ന് തിരിച്ചറിയാൻ ശ്രമിച്ചു. അതെല്ലാം ഉൾപ്പെടുത്തിയാണ് ഈ തിരക്കഥ ഞാൻ എഴുതാൻ തീരുമാനിച്ചത്.
ഓരോ പുതിയ സംഭവങ്ങളും കഥകളും അനുഭവങ്ങളും കേൾക്കുമ്പോള്‍ അതിൽ കഥയിലേക്ക് കൂട്ടിച്ചേര്‍ക്കാൻ പറ്റുന്ന അംശങ്ങള്‍ ഉണ്ടോയെന്ന് ഞാൻ ആലോചിക്കുമായിരുന്നു. അങ്ങനെ കേരളത്തിൽ മുൻപ് നടന്ന ഒരു സംഭവം സ്ട്രൈക്കിങ് ആയിട്ട് തോന്നി. പക്ഷേ, ആ സംഭവവുമായി സിനിമക്ക് ബന്ധമില്ല. സിനിമ പൂര്‍ണമായും ഫിക്ഷനാണ്. പിന്നീട് ജോജു ജോര്‍ജിനോട് പറഞ്ഞപ്പോള്‍ ഇത് ചെറിയ സിനിമയല്ല, വലുതായി ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ജോജു ജോര്‍ജിലേക്ക് എങ്ങനെയാണ് എത്തിയത്?
ഞാൻ ജോജു ജോര്‍ജിലേക്ക് എത്തുന്നത് സംവിധായകൻ സാജിദ് യഹിയ വഴിയാണ്. കൊവിഡ് കാരണം ജോജു ജോര്‍ജിനോട് നേരിട്ട് സംസാരിച്ചില്ല, പകരം തിരക്കഥ അയച്ചു നൽകി. അദ്ദേഹം തിരക്കഥ വായിച്ച് സിനിമ ചെയ്യാമെന്ന് സമ്മതം അറിയിച്ചു. ഈ സിനിമയിൽ ചില രംഗങ്ങളിൽ ആൾക്കൂട്ടം വളരെ പ്രധാനപ്പെട്ടതാണ്, അതുകൊണ്ട് കൊവിഡ് കാലത്ത് ഷൂട്ട് ചെയ്യാന്‍ കഴിയില്ലായിരുന്നു. സ്ക്രിപ്റ്റ് തിരുത്തി, കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം കഴിഞ്ഞ് 2022-ലാണ് സിനിമ ഷൂട്ടിങ് തുടങ്ങിയത്.
'ഇരട്ട'യിലെ മറ്റൊരു പ്രധാന കഥാപാത്രം തമിഴ്-തെലുങ്ക് നടി അഞ്ജലി ആണല്ലോ. എന്തുകൊണ്ടാണ് മലയാളത്തിലെ താരങ്ങള്‍ക്ക് പകരം അഞ്ജലിയെ തെരഞ്ഞെടുത്തത്?
അഞ്ജലിക്കൊപ്പം ഈ വേഷത്തിൽ ആദ്യം മറ്റു ചിലരെയും പരിഗണിച്ചിരുന്നു. എങ്കിലും, പുതുമയുള്ള ഒരു അഭിനേതാവ് വേണം എന്നതാണ് അവരെ തെരെഞ്ഞെടുക്കാന്‍ കാരണം. അഞ്ജലി മലയാളത്തിൽ വളരെക്കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ. വീഡിയോകോൾ വഴിയാണ് അഞ്ജലിയോട് കഥ പറഞ്ഞത്. അഞ്ജലി കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചു. കഥകേട്ട് കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ക്ക് അഭിനയിക്കാന്‍ താൽപര്യമുണ്ടെന്ന് പറഞ്ഞു.
രോഹിതിന്‍റെ ആദ്യ സിനിമയാണല്ലോ ഇരട്ട. മലയാള സിനിമാ മേഖലയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
സിനിമാ മേഖലയുമായി എനിക്ക് വലിയ ബന്ധങ്ങളില്ല. ഞാൻ പോസ്റ്റൽ വകുപ്പിലാണ് ജോലി ചെയ്യുന്നത്. 10-12 വര്‍ഷമായി ഞാൻ ചെറുതും വലുതുമായി ഷോര്‍ട്ട്ഫിലിമും തിരക്കഥയും എഴുതാറുണ്ട്. ഷോര്‍ട്ട്ഫിലിം ചെയ്താണ് ഞാൻ സിനിമ ചെയ്യാന്‍ പഠിക്കുന്നത്. ഒപ്പം തിരക്കഥ എഴുതി ആളുകളെ കാണാൻ പോകുമായിരുന്നു. സിനിമ വലിയൊരു പാഷനാണ്. മുൻപ് ഒരു സ്ക്രിപ്റ്റ് എഴുതി പലരെയും സമീപിച്ചിരുന്നു. പക്ഷേ, അതിന് സമാനമായ മറ്റൊരു സിനിമ റീലിസ് ആയതോടെ ഈ സ്ക്രിപ്റ്റിൽ മാത്രമായി ശ്രദ്ധ.
ജോജു ജോര്‍ജ് ഇതിന് മുൻപും ശ്രദ്ധിക്കപ്പെട്ട പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ. 'ഇരട്ട'യിലെ ജോജുവിന്‍റെ വേഷം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
പോലീസ് വേഷമാണെങ്കിലും ജോജു ജോര്‍ജ് ചെയ്തിട്ടുള്ള മൂന്ന് കഥാപാത്രങ്ങള്‍ - ജോസഫ്, നായാട്ട്, ആക്ഷൻഹീറോ ബിജു - മൂന്നും വ്യത്യസ്തമാണ്. ഒരാള്‍ തന്നെയാണ് അഭിനയിച്ചതെന്ന് പോലും തോന്നാത്ത വേഷങ്ങളാണ് അതെല്ലാം. അതുപോലെതന്നെ തികച്ചും വ്യത്യസ്തമായ വേഷങ്ങളാണ് 'ഇരട്ട'യിലും ജോജു ജോര്‍ജ് ചെയ്തിട്ടുള്ളത്.
