മുംബൈ: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചു. 95 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സയ്യിദ ബീഗം. ഇന്നലെ ജയ്പൂരില്‍ വച്ചായിരുന്നു അന്ത്യം. ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ ഉള്ള ഇര്‍ഫാന്‍ ഖാന് മാതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്താനാകില്ലെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ മാതാവിന് അന്ത്യോപചാരം അര്‍പ്പിച്ചതായും  ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

''എന്‍റെ മാതാവ് കുറച്ച് നാളായി രോഗാവസ്ഥയിലായിരുന്നു. പെട്ടന്ന് അവരുടെ ആരോഗ്യനില മോശമായി ശനിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. അവസാനം 'ഭായ്' യുടെ ആരോഗ്യത്തെക്കുറിച്ചാണ് അവര്‍ ചോദിച്ചത്''  - ഇര്‍ഫാന്‍ ഖാന്‍റെ സഹോദരന്‍ സല്‍മാന്‍ഖാന്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 

ക്യാന്‍ സര്‍ ബാധയെത്തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ മുംബൈയിലാണ് അദ്ദേഹം. ജയ്പൂരിലെ ചുംഗി നാകാ ശ്മശാനത്തിലാണ് സയ്യിദ ബീഗത്തെ സംസ്കരിച്ചത്. കൊവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് കുറച്ച് ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയത്.