Asianet News MalayalamAsianet News Malayalam

ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ ഹോളിവുഡ് സിനിമയുടെ കോപ്പിയോ? പ്രതികരണവുമായി സംവിധായകൻ

ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ ഹോളിവുഡ് സിനിമയുമായി സാമ്യമുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകൻ രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍.

Is Android Kunjapan inspired from Robot and Frank director responds
Author
Kochi, First Published Oct 19, 2020, 3:30 PM IST

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടങ്ങൾ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു നർമ്മത്തിന്റെ അകമ്പടിയിൽ പറഞ്ഞ ചിത്രമായിരുന്നു  ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. രതീഷ് ബാലകൃഷ്‍ണ പൊതുവാൾ സംവിധാനം ചെയ്‍ത ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‍കാരം സുരാജ് സ്വന്തമാക്കിയിരുന്നു. മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരവും ചിത്രം ഒരുക്കിയ  രതീഷ് ബാലകൃഷ്‍ണ പൊതുവാളിനാണ് ലഭിച്ചത്. ഭാസ്‍കരൻ എന്ന പ്രായമായ തന്റെ അച്ഛനെ നോക്കാൻ ഹോം നഴ്‍സിനു പകരം ഒരു റോബോട്ടിനെ നിയോഗിക്കുന്ന മകന്റെ കഥയാണ് ചിത്രം പറഞ്ഞത്.

പയ്യന്നൂരിലെ ഒരു കുഗ്രാമത്തിലെത്തിയ ആ റോബോട്ടും  ഭാസ്‍കരനും തമ്മിലുള്ള ബന്ധം പറഞ്ഞ ചിത്രം ബോക്സോഫീസിലും വലിയ വിജയമാണ് നേടിയത്. ചിത്രം ഒരു ഇംഗ്ലീഷ് സിനിമയുമായി സാമ്യമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. ആദ്യമായിട്ടല്ല റോബോട്ട് പ്രധാന കഥാപാത്രങ്ങളായി സിനിമ ഉണ്ടായിട്ടുള്ളത് എന്നാണ് ആരോപണങ്ങള്‍ക്ക് മറുപടിയായി രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.Is Android Kunjapan inspired from Robot and Frank director responds

റോബോട്ട് ആൻഡ് ഫ്രാങ്ക് എന്ന ചിത്രവുമായി ആൻഡ്രോയ്‍ഡ് കുഞ്ഞപ്പന് സാമ്യമുണ്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരോപണമുയരുന്നത്.  സിനിമ ഇറങ്ങുമ്പോഴും ഇത്തരത്തിലുള്ള ചർച്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍ പ്രതികരിച്ചത്. വേറെ സിനിമയുമായി സാദൃശ്യമുണ്ടെന്ന് പല ആൾക്കാരും ഇപ്പോൾ പറയുന്നുണ്ട്. ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ  ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പല തരത്തിലുള്ള റോബോട്ട് സിനിമകൾ ഉണ്ടായിട്ടുണ്ട്. ആദ്യമായിട്ടല്ല റോബോട്ട് പ്രധാന കഥാപാത്രങ്ങളായി സിനിമ ഉണ്ടായിട്ടുള്ളത്. സത്യജിത്ത് റേയുടെ ചെറുകഥ തന്നെയുണ്ട് റോബോട്ടിനെ പറ്റിയെന്നും രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍ പറയുന്നു.

അമേരിക്കൻ ഫിക്ഷൻ കോമഡിയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു റോബോട്ട് ആൻഡ് ഫ്രാങ്ക്. ഫ്രാങ്ക് വെൽഡ് എന്ന വൃദ്ധനും അയാളുടെ റോബോട്ടിലൂടെയുമാണ് 2012ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം കഥ പറയുന്നത്. ജേക്ക് ഷ്രെയറാണ് സംവിധാനം ചെയ്‍തത്.

ഒറ്റയ്‍ക്ക് താമസിക്കുന്ന തന്റെ വൃദ്ധനായ പിതാവിന്റെ ഏകാന്തതയും മനപ്രയാസങ്ങളും മാറ്റാൻ അയാളുടെ മകൻ ഒരു കുഞ്ഞൻ റോബോട്ടിനെ വാങ്ങിക്കൊടുക്കുന്നു. ആദ്യം എതിര്‍പ്പും വെറുപ്പും ആയിരുന്നെങ്കിലും പിന്നീട് അതിനോട് ഇണങ്ങുന്നതുമാണ് റോബോട്ട് ആൻഡ് ഫ്രാങ്കിന്റെ കഥ.

റോബോട്ട് ആൻഡ് ഫ്രാങ്കിന്റെ ട്രെയിലര്‍


ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ ട്രെയിലര്‍

(ഫോട്ടോ റോബോട്ട് ആൻഡ് ഫ്രാങ്ക് സംവിധായകൻ ജേക്ക് ഷ്രെയറും ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ സംവിധായകൻ രതീഷ് ബാലകൃഷ്‍ണ പൊതുവാളും.)

Follow Us:
Download App:
  • android
  • ios