രജനികാന്തിന്റെ ഓരോ സിനിമയും പ്രദര്‍ശനത്തിനെത്താൻ ക്ഷമയില്ലാതെ കാത്തുനില്‍ക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാര്‍ ആണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ തിയേറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

ചെന്നൈയില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് രജനികാന്ത് ഇപ്പോള്‍. ഉടൻ തന്നെ, സിരുത്തൈ ശിവയുടെ സിനിമയില്‍ അഭിനയിച്ചുതുടങ്ങാനാണ് തീരുമാനം. അതേസമയം സിനിമയുടെ ഒരു ഫാൻ മേയ്‍ഡ് പോസ്റ്ററും അതില്‍ എഴുതിയിരിക്കുന്ന പേരുമാണ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. മന്നവൻ എന്നാണ് സിനിമയുടെ പേരായി പ്രചരിക്കുന്നത്. അതേസമയം അണ്ണത എന്ന പേരായിരിക്കും ചിത്രത്തിനുണ്ടാകുക എന്നും വാര്‍ത്തകളുണ്ട്. മൂത്ത സഹോദരൻ എന്ന അര്‍ഥത്തിലാണ് പേര്. മീനയും ഖുശ്‍ബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിട്ടുണ്ട്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവ ചിത്രം ഒരുക്കുക.