മിമിക്രി വേദി വിട്ട് ഷാജി മാവേലിക്കര? വൈറല്‍ പോസ്റ്റിന് പിന്നില്‍

ടെലിവിഷനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ കലാകാരനും അഭിനേതാവുമാണ് ഷാജി മാവേലിക്കര. ഇപ്പോഴിതാ ഷാജി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റും അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചയും ശ്രദ്ധ നേടുകയാണ്. സൈക്കിളില്‍ മത്സ്യം വില്‍ക്കാന്‍ പോകുന്ന ഒരു മീന്‍ വില്‍പ്പനക്കാരന്‍റെ ലുക്കിലുള്ള തന്‍റെ ചിത്രം ഷാജി സോഷ്യല്‍ മീഡിയയിലൂടെ ഇന്നലെ പങ്കുവച്ചിരുന്നു. ഒപ്പം ഒരു ചെറിയ കുറിപ്പുമുണ്ടായിരുന്നു. കലാരംഗം വിട്ട് മത്സ്യ വില്‍പ്പനയിലേക്ക് ഷാജി ഇറങ്ങുന്നുവെന്ന് ഭൂരിഭാഗം പേരെയും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ആ കുറിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിങ്ങനെ- ‘കോമഡിയും മിമിക്രിയും ഒന്നും കൊണ്ടുനടന്നിട്ട് ഒരു കാര്യോമില്ല. ഒരു മനുഷ്യനും മൈൻഡ് ചെയ്യത്തില്ല. തൊഴിൽപരമായി ചിന്തിച്ചു പ്രവർത്തിച്ചാലേ ജീവിക്കാൻ പറ്റൂ എന്നു വൈകിയാണെങ്കിലും മനഃസ്സിലായി. ദൈവമേ ഇതെങ്കിലും ക്ലച്ചുപിടിക്കണേ. ലൈക്കടിച്ചു നിങ്ങളും സഹായിക്കണേ. അപേക്ഷയാണ്’, ചിത്രത്തിനൊപ്പം ഷാജി കുറിച്ചിരുന്നു. പോസ്റ്റ് വേഗത്തില്‍ വൈറലായി. ഒരു പ്രശസ്ത കലാകാരന്‍ ആ മാര്‍ഗം കൊണ്ട് ജീവിക്കാനാവാതെ മറ്റൊരു തൊഴില്‍ തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും ധരിച്ചത്. ഇതിനകം 36,000 ല്‍ അധികം ലൈക്കുകളും 1100 കമന്‍റുകളും 275 ഷെയറുകളുമാണ് ഫേസ്ബുക്കില്‍ ഈ പോസ്റ്റ് നേടിയത്. ഇത്തരത്തില്‍ വിശ്വസിച്ചവരാരും ഷാജിയുടെ പ്രൊഫൈലില്‍ കയറി നോക്കിയിട്ടുണ്ടാവില്ല. നോക്കിയിരുന്നെങ്കില്‍ അതൊരു തെറ്റിദ്ധാരണ ആണെന്ന് മനസിലായേനെ.

താന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ കഥാപാത്രമായുള്ള ചിത്രമാണ് ഷാജി പോസ്റ്റ് ചെയ്തത്. ഇതേ ഗെറ്റപ്പില്‍ ക്യാമറയ്ക്ക് മുന്‍പില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രമാണ് ഷാജി ഈ പോസ്റ്റിന് തൊട്ടുമുന്‍പ് പോസ്റ്റ് ചെയ്തത്. ഏതായാലും വൈറല്‍ പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ വിമര്‍ശനങ്ങളാണ് കൂടുതല്‍. ‘മിമിക്രിയിലും മറ്റ് കലകളെ പോലെ കഴിവ് മാത്രം പോരാ. സാധനയും ഇച്ചിരെ പരിശ്രമവും അർപ്പണമനോഭാവവും കൂടെ വേണം. കാമറയുടെ മുൻപില്‍ നിൽക്കുവാൻ നാണമുള്ളത് കൊണ്ട് മാത്രം എത്രയാൾക്കാര് ആഗ്രഹവും സ്വപ്നവും മാറ്റി വെക്കുന്നു? അപ്പോഴാണ്, കാമറയുടെ മുൻപില്‍ വന്ന് നാലാളറിയെ കഴിവ് തെളിയിച്ച കലാകാരൻ മറ്റ് തൊഴിലിന് ഇറങ്ങുന്നത്’, എന്നാണ് ഒരു കമന്‍റ്. ഒടുവില്‍ ഷാജി തന്നെ സത്യാവസ്ഥ അറിയിച്ച് കമന്‍റ് ബോക്സില്‍ മറുപടി നല്‍കുന്നുമുണ്ട്. ഇത് സിനിമാ ഷൂട്ട് ആണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നാട്ടുകൂട്ടം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഷാജി മാവേലിക്കര പങ്കുവച്ച ചിത്രം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming