എച്ച് വിനോദ് ആണ് 'ദളപതി 69' ന്‍റെ സംവിധാനം

സജീവ രാഷ്ട്രീയ പ്രവേശനത്തോടെ താന്‍ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന വിജയ്‍യുടെ പ്രഖ്യാപനം ആരാധകരും കോളിവുഡ് വ്യവസായവും വലിയ നിരാശയോടെയാണ് കേട്ടത്. തമിഴ് സിനിമയിലെ ഒന്നാം നമ്പര്‍ താരത്തിന്‍റെ സിംഹാസനം മറ്റൊരാളെത്തുന്നതുവരെ ഇനി ഒഴിഞ്ഞുകിടക്കും. അതേസമയം വിജയ്‍യുടെ കരിയറിലെ അവസാന ചിത്രം ആയിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ദളപതി 69 സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. കന്നഡ സിനിമയിലെ പ്രമുഖ ബാനറായ കെവിഎന്നിന്‍റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമല്ലാതെ ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. എന്നാല്‍ ചില റീമേക്ക് റൂമറുകള്‍ ഉണ്ടായിരുന്നുതാനും. ഇപ്പോഴിതാ തമിഴ്, തെലുങ്ക് താരം വിടിവി ​ഗണേഷ് ഒരു വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്.

ദളപതി 69 ഒരു തെലുങ്ക് ചിത്രത്തിന്‍റെ റീമേക്ക് ആയിരിക്കാനുള്ള സാധ്യതയാണ് ​ഗണേഷ് പങ്കുവച്ചത്, അതും ഒരു തെലുങ്ക് സിനിമയുടെ പ്രൊമോഷന്‍ വേദിയില്‍. തെലുങ്കിലെ സംക്രാന്തി റിലീസ് ആയ, വെങ്കടേഷിനെ നായകനാക്കി അനില്‍ രവിപുഡി സംവിധാനം ചെയ്ത സംക്രാന്തികി വസ്തുനാം എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ വേദിയിലാണ് ​ഗണേഷ് ഇക്കാര്യം പറഞ്ഞ്. അനില്‍ രവിപുഡിയുടെ കഴിഞ്ഞ ചിത്രം ഭ​ഗവന്ദ് കേസരി വിജയ്‍‍യുടെ ഇഷ്ടചിത്രം ആണെന്നും അദ്ദേഹം അഞ്ച് തവണ അത് കണ്ടുവെന്നും വിടിവി ​ഗണേഷ് പറയുന്നു. ഭ​ഗവന്ത് കേസരി തമിഴിലേക്ക് റീമേക്ക് ചെയ്യാമോ എന്ന് വിജയ് അനില്‍ രവിപുഡിയോട് ചോദിച്ചെന്നും എന്നാല്‍ സംവിധായകന്‍ ഈ ഓഫര്‍ നിരസിച്ചുവെന്നും. വേദിയില്‍ അനില്‍ രവിപുഡിയുടെ കൂടി സാന്നിധ്യത്തിലാണ് ​ഗണേഷ് ഇക്കാര്യം പറയുന്നത്. 

ഈ വീഡിയോ വൈറല്‍ ആയതോടെ ഭ​ഗവന്ത് കേസരിയുടെ റീമേക്ക് ആണോ എച്ച് വിനോദ് സംവിധാനം ചെയ്യുന്നതെന്ന സംശയം ആരാധകര്‍ക്കിടയില്‍ രൂഢമൂലമായിരിക്കുകയാണ്. 2024 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. ഒക്ടോബറില്‍ത്തന്നെ ഇത് ഭഗവന്ത് കേസരിയുടെ റീമേക്ക് ആയിരിക്കുമെന്ന് പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം അണിയറക്കാരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടാവാതെ ഇത് ഉറപ്പിക്കാനാവില്ല.

ALSO READ : പുതിയ റിലീസുകളിലും തളരാതെ 'റൈഫിള്‍ ക്ലബ്ബ്'; നാലാം വാരത്തിലും നൂറിലധികം സ്ക്രീനുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം