ഇന്ത്യൻ കായികതാരം സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് അത്. ചിത്രത്തില്‍ സൈന നെഹ്‍വാളായി ശ്രദ്ധ കപൂറായിരുന്നു ആദ്യം അഭിനയിച്ചത്. എന്നാല്‍ ശ്രദ്ധ കപൂര്‍ പിൻമാറിയെന്നാണ് ഇന്ന് റിപ്പോര്‍ട്ട് വന്നത്. പരിനീതി ചോപ്രയാണ് പുതുതായി സൈനയായി അഭിനയിക്കുക. ഡേറ്റ് ക്ലാഷ് കാരണമാണ് ശ്രദ്ധ കപൂര്‍ പിൻമാറാൻ കാരണമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഡേറ്റ് പ്രശ്‍നമല്ല സിനിമയില്‍ നിന്ന് പിൻമാറാൻ കാരണമെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കായികതാരമായ സൈനയായി അഭിനയിക്കുന്നതിന് ഏറെ പരിശീലനം ആവശ്യമായിരുന്നു. തുടക്കത്തില്‍ ശ്രദ്ധ കപൂര്‍ കൃത്യമായ പരിശീലനവും നടത്തിയിരുന്നു. എന്നാല്‍ കഥാപാത്രമായി മാറാൻ ശ്രദ്ധ കപൂറിന് കഴിഞ്ഞിട്ടില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പരിശീലനത്തിനു വേണ്ടി മാത്രമുള്ള ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കാൻ ശ്രദ്ധയ്‍ക്ക് കഴിഞ്ഞിട്ടില്ല. ഡെങ്ക്യു പിടിപെട്ട് സൈനയ്‍ക്ക് ഇടയ്‍ക്ക് ചിത്രീകരണത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിയും വന്നു. സൈനയായി അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുമോയെന്ന് ശ്രദ്ധയ്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.