ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ എന്ന ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടതായ വാര്‍ത്ത തമിഴ് സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. സൂര്യ നിര്‍മ്മിക്കുന്ന ചിത്രം ഇത്തരത്തില്‍ റിലീസ് ചെയ്‍താല്‍ സൂര്യ അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ ഒരു ചിത്രവും ഇനി തീയേറ്റര്‍ കാണില്ലെന്ന് തമിഴ്‍നാട്ടിലെ തീയേറ്റര്‍ ഉടമകള്‍ ഭീഷണിയും മുഴക്കി. സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രം സൂരറൈ പൊട്രുവിന്‍റെ റിലീസിന് ഭീഷണിയായിരിക്കുകയാണ് തീയേറ്റര്‍ ഉടമകളുടെ തീരുമാനം. അക്ഷയ് കുമാറിന്‍റെ 'ലക്ഷ്‍മി ബോംബ്' ഉള്‍പ്പെടെ ചില ഹിന്ദി സിനിമകളും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം പൊന്മകള്‍ വന്താലിനെപ്പോലെ മറ്റൊരു തമിഴ് ചിത്രവും ഡയറക്ട് ഒടിടി റിലീസിന് തയ്യാറെടുക്കുകയാണെന്ന് ചില തമിഴ് യുട്യൂബ് ചാനലുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. മറ്റൊന്നുമല്ല, വിജയ് ചിത്രം മാസ്റ്ററാണ് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യപ്പെടുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

 

എന്നാല്‍ തെറ്റായ വിവരമാണ് ഇത്. മാസ്റ്ററിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇതിന്‍റെയും പൊന്മകള്‍ വന്താല്‍‌ വിവാദത്തിന്‍റെയും ചുവടു പിടിച്ച് സൃഷ്ടിക്കപ്പെട്ട ഊഹാപോഹമാണ് ഇത്. പ്രമുഖ മാധ്യമങ്ങളടക്കം മാസ്റ്ററിന്‍റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന് വാര്‍ത്ത നല്‍കിയെങ്കിലും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോ പ്രസ്തുത ഒടിടി പ്ലാറ്റ്ഫോമോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വാങ്ങിയെന്ന വസ്തുത ശരിയാണെന്നും എന്നാല്‍ തീയേറ്റര്‍ റിലീസിന് ശേഷം മാത്രമേ സ്ട്രീമിംഗ് ഉണ്ടാവുകയുള്ളുവെന്നും നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്‍തു.

കൈതിയുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്ത് വന്നിട്ടുള്ള വിവരം. വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്‍റെ പേരില്‍ പ്രഖ്യാപനസമയത്തു തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു ചിത്രം. മാളവിക മോഹനന്‍ ആണ് നായിക.