'തുടക്കത്തിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാറില്ലായിരുന്നു'.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് നടിയും നടൻ കൃഷ്‍ണകുമാറിന്റെ മൂന്നാമത്തെ മകളുമായ ഇഷാനി കൃഷ്‍ണ. ഒരിടവേളക്കു ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു ക്യു ആൻഡ് എ സെഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷാനി. താൻ ഡ്രൈവിങ്ങ് പഠിച്ചതിനെക്കുറിച്ച് പുതിയ വീഡിയോയിൽ ഇഷാനി സംസാരിക്കുന്നുണ്ട്.
''ഡ്രൈവിങ് പഠിച്ചശേഷം വാഹനവുമായി പുറത്തിറങ്ങാൻ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലൈസൻസ് കിട്ടിയിട്ടും പേടി കാരണം ഞാൻ വണ്ടി ഓടിക്കാറില്ലായിരുന്നു. കൊവിഡ് സമയം വന്നപ്പോൾ വീട്ടിൽ തന്നെ ഇരുന്ന് എല്ലാവരും മടുത്തു. അപ്പോൾ പുറത്തിറങ്ങണമെന്ന ആഗ്രഹം വന്നു. അപ്പോഴാണ് ഞാൻ ഡ്രൈവിങ് വീണ്ടും പൊടി തട്ടിയെടുത്തത്. ലൈസൻസുണ്ട് എന്നാൽ ഡ്രൈവിങ് കൃത്യമായി അറിയില്ലാത്ത ആളുകളെ പഠിപ്പിക്കുന്ന രഘുവരൻ സാറിന്റെ കോൺടാക്ട് അപ്പോഴാണ് ഞങ്ങൾക്ക് ലഭിച്ചത്. നന്നായി പഠിപ്പിക്കുമായിരുന്നു അദ്ദേഹം. അങ്ങനെയാണ് ഞാനും ദിയയും ഡ്രൈവിങ് പഠിച്ചത്.
ഒരു മാസം കൊണ്ട് ഡ്രൈവിങ് പഠിച്ചു. ഒരു ദിവസം അർജുനെ വിളിച്ച് വണ്ടിയുമായി വന്ന് പിക്ക് ചെയ്യട്ടേയെന്ന് ചോദിച്ചു. വണ്ടി എടുക്കാൻ ധൈര്യമുണ്ടോയെന്ന് അവൻ ചോദിച്ചു. അർജുനും എന്നെ പണ്ട് അവന്റെ കാറിൽ ഡ്രൈവിങ് പഠിപ്പിച്ചിട്ടുണ്ട്. അർജുൻ ഉള്ളത് എനിക്കൊരു ധൈര്യമാണ്. തുടക്കത്തിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാറില്ലായിരുന്നു. കോ ഡ്രൈവർ സീറ്റിൽ ഡ്രൈവിങ് അറിയാവുന്ന ആരെങ്കിലും ഉണ്ടാകും. ഒരു ദിവസം എനിക്ക് എവിടെ നിന്നോ ഒരു ധൈര്യം വന്നു. അർജുനേയും കൂട്ടി കുറേ ദൂരം വണ്ടി ഓടിച്ചു. അതിനുശേഷം എനിക്ക് കോൺഫിഡൻസ് വന്നു. അമ്മയെ വെച്ചും അച്ഛനെ വെച്ചുമെല്ലാം വാഹനം ഓടിച്ചു. പിന്നീട് ഒരു ദിവസം തനിയെ ഒടിച്ചു. ആദ്യമൊക്കെ പതുക്കെ റോഡിന് ഒരു വശം ചേർന്ന് മാത്രമാണ് പോയിരുന്നത്'', ഇഷാനി പറഞ്ഞു.
