70 ശതമാനം സീറ്റുകള്‍ക്ക് റിസര്‍വേഷനും 30 ശതമാനം അല്ലാതെയുമാണ് പ്രവേശനമെന്നാണ് വയ്പ്പ്. എന്നാല്‍..
പ്രേക്ഷകാവേശമാണ് ഐഎഫ്എഫ്‍കെയെ മറ്റ് ചലച്ചിത്രോത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. തിയറ്ററുകളിലെ സീറ്റുകളുടെ എണ്ണവും ഡെലിഗേറ്റ് പാസുകളുടെ എണ്ണവും തമ്മില്‍ വലിയ അന്തരം ഉള്ളതിനാല്‍ പാസ് ഉണ്ടെങ്കിലും ശ്രദ്ധേയ ചിത്രങ്ങള്‍ കാണാന്‍ ഇരിപ്പിടം കിട്ടുക ഐഎഫ്എഫ്‍കെയില്‍ എക്കാലത്തും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ചലച്ചിത്രമേള 28-ാം പതിപ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അത് ഏറെ ദുഷ്കരമാണ്.
കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഭിന്നമായി ഇത്തവണ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട് സംഘാടകര്‍. 70 ശതമാനം സീറ്റുകള്‍ക്ക് റിസര്‍വേഷനും 30 ശതമാനം അല്ലാതെയുമാണ് പ്രവേശനമെന്നാണ് വയ്പ്പ്. എന്നാല്‍ ഈ 70 ശതമാനം സീറ്റുകളിലേക്ക് അഡ്വാന്‍സ് റിസര്‍വേഷന്‍ നടത്തുകയാണ് ഏറ്റവും കഠിനം. കഴിഞ്ഞ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി രാവിലെ 8 മണിക്കാണ് ഓണ്‍ലൈന്‍ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിക്കുക. നാളത്തെ ചിത്രങ്ങളാണ് ഇന്ന് രാവിലെ എട്ടിന് ബുക്ക് ചെയ്യേണ്ടത്. എന്നാല്‍ ചിത്രങ്ങള്‍ നേരത്തേകൂട്ടി തെരഞ്ഞെടുത്ത് വച്ച് എട്ട് മണി ആവാന്‍ കാത്തിരുന്നിട്ടും കാര്യമില്ല. കാരണം ബുക്ക് ചെയ്യാനാവണമെങ്കില്‍ നിങ്ങളെ ഭാഗ്യം കൂടി തുണയ്ക്കണം!

ഇന്നത്തെ ബുക്കിംഗിന്റെ കാര്യം തന്നെ എടുക്കാം. പാം ഡി ഓര്‍ ചിത്രം അനാട്ടമി ഓഫ് എ ഫോള്‍ 8 മണിക്ക് തുടങ്ങി 8.01 ന് മുന്‍പ് ഫുള്‍ ആയി. ജാപ്പനീസ് സംവിധായകന്‍ ഹിറോസാക്കുവിന്‍റെ മോണ്‍സ്റ്റര്‍ അടക്കമുള്ള പുതിയ ചിത്രങ്ങള്‍ക്ക് മാത്രമല്ല ഇത്തരത്തില്‍ വേഗത്തില്‍ സീറ്റുകള്‍ ഫില്‍ ആവുന്നത്. ഹോളിവുഡ് ആചാര്യന്‍ സ്റ്റാന്‍ലി കുബ്രിക്കിന്‍റെ 1957 ചിത്രം പാത്ത്സ് ഓഫ് ഗ്ലോറി വരെ ഇത്തരത്തില്‍ ഒരു മിനിറ്റിനകം റിസര്‍വേഷന്‍ ഫുള്‍ ആയ ചിത്രങ്ങളാണ്. റിസര്‍വ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അണ്‍റിസര്‍വ്ഡ് ക്യൂവില്‍ മുന്‍കൂട്ടി വന്ന് നിന്നാല്‍ അവശേഷിക്കുന്ന 30 ശതമാനം സീറ്റുകളില്‍ ഇരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നവര്‍ അധികമാണ്. അതിനാല്‍ത്തന്നെ അതിന്‍റെ ക്യൂവും വലുതാണ്. നാലാം ദിനമായ ഇന്നലെ ഉദ്ദേശിച്ച സിനിമകള്‍ക്ക് കയറാനാവാതെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചോയ്സ് സിനിമകള്‍ കണ്ട വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. പല ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനമാണ് നടക്കുന്നത് എന്നതിനാല്‍ അവയ്ക്ക് പ്രവേശനം ലഭിക്കാത്തത് ഡെലിഗേറ്റുകളെ നിരാശരാക്കുന്നുണ്ട്.
