Asianet News MalayalamAsianet News Malayalam

ഇറ്റലിയില്‍ ഇനി സിനിമാ സെന്‍സറിംഗ് ഇല്ല; അവസാനിച്ചത് 108 വര്‍ഷം നീണ്ട നിയമം

വിഖ്യാതരായ പല സംവിധായകരുടെയും സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി 'കുപ്രസിദ്ധി' ആര്‍ജ്ജിച്ച ഒന്നാണ് ഇറ്റലിയിലെ സെന്‍സറിംഗ് സംവിധാനം

italy abolished film censorship
Author
Thiruvananthapuram, First Published Apr 8, 2021, 8:36 PM IST

സിനിമകള്‍ക്കുള്ള സെന്‍സറിംഗ് അവസാനിപ്പിച്ച് ഇറ്റലി. രംഗങ്ങള്‍ നീക്കം ചെയ്യാനും ആവശ്യമെന്ന് തോന്നുന്നപക്ഷം സിനിമകള്‍ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന, 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്‍കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

"കലാകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ കയറാന്‍  സര്‍ക്കാരിനെ അനുവദിക്കുന്ന, നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല", സാംസ്‍കാരിക മന്ത്രി പ്രസ്‍താവനയില്‍ അറിയിച്ചു. ഇറ്റലിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാല്‍ കട്ടുകള്‍ നിര്‍ദ്ദേശിക്കാനോ ഇനി സര്‍ക്കാരിന് ആവില്ല. പകരം തങ്ങളുടെ സിനിമകള്‍ കാണേണ്ട പ്രേക്ഷകരുടെ പ്രായം അനുസരിച്ച് ചലച്ചിത്രകാരന്മാര്‍ തന്നെയാവും ഒരു വര്‍ഗ്ഗീകരണം നടത്തുക. 12+ (12ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാവുന്നത്), 14+, 16+, 18+ എന്നൊക്കെയാവും ഇത്തരത്തില്‍ സിനിമകള്‍ക്ക് നല്‍കുന്ന തരംതിരിവുകള്‍. എന്നാല്‍ ഈ ക്ലാസിഫിക്കേഷന്‍ പുനപരിശോധിക്കാന്‍ ഒരു കമ്മിഷനെയും രൂപികരിക്കും. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരെക്കൂടാതെ വിദ്യാഭ്യാസ വിദഗ്‍ധരും മൃഗാവകാശ പ്രവര്‍ത്തകരുമൊക്കെ ഈ കമ്മിഷനില്‍ അംഗങ്ങളായിരിക്കും. 

വിഖ്യാതരായ പല സംവിധായകരുടെയും സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി 'കുപ്രസിദ്ധി' ആര്‍ജ്ജിച്ച ഒന്നാണ് ഇറ്റലിയിലെ സെന്‍സറിംഗ് സംവിധാനം. പിയര്‍ പാവ്‍ലോ പസോളിനിയുടെ 'സാലോ', ബെര്‍നാഡോ ബെര്‍ടൊലൂച്ചിയുടെ 'ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്' തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഇറ്റലിയിലില്‍ നിരോധനം നേരിട്ടിട്ടുണ്ട്. ഇറ്റാലിയന്‍ സാംസ്‍കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്ഥിരം ഓണ്‍ലൈന്‍ പ്രദര്‍ശന സംവിധാനമായ സിനിസെന്‍ഷുറയുടെ സര്‍വ്വേ അനുസരിച്ച് 274 ഇറ്റാലിയന്‍ സിനിമകളും 130 ഹോളിവുഡ് ചിത്രങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 321 ചിത്രങ്ങളും രാജ്യത്ത് ഇതിനോടകം നിരോധനം നേരിട്ടിട്ടുണ്ട്. പല കാലത്തായി പതിനായിരത്തിലേറെ സിനിമകള്‍ക്ക് കട്ടുകളും നിര്‍ദ്ദേശിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios