നിർമാതാവിൻ്റെ പരാതിയിൽ അഭിലാഷം സംവിധായകൻ  ഷംസുദീൻ അറസ്റ്റിൽ.

കൊച്ചി: നിർമാതാവിൻ്റെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചെന്നാണ് പരാതി. സംവിധായകൻ ഷംസുദീൻ സെയ്ബ ആണ് അറസിറ്റിലായത്. അഭിലാഷം എന്ന സിനിമയുടെ നിർമാതാവായ ആന്‍ സരിഗ ആന്‍റണിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംവിധായകന് പുറമേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറമാനും കേസിൽ പ്രതികളാണ്.

Add Asianetnews as a Preferred SourcegooglePreferred

സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. സൗജു കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അഭിലാഷം. രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാം എന്നായിരുന്നു ഷംസുദീന്‍ അറിയിച്ചിരുന്നത്. പക്ഷേ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഏതാണ്ട് 3 കോടി 25 ലക്ഷം രൂപ ചെലവായി എന്ന് ആന്‍ സരിഗ പറയുന്നു. തന്നെ കബളിപ്പിക്കുകയും വിശ്വാസ വഞ്ചന നടത്തുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. 

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമുള്ള മാസ്റ്റര്‍ ഔട്ട് തന്‍റെ അനുവാദം ഇല്ലാതെ മറ്റൊരു പാര്‍ട്ടിക്ക് മറിച്ച് കൊടുത്തു എന്നും പരാതിയില്‍ പറയുന്നു. ഫെബ്രുവരി രണ്ടാം തീയതിയാണ് തൃപ്പുണ്ണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് നേരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

2025 മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രമാണ് അഭിലാഷം. 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ നാട്ടിൻപുറത്തിൻ്റെ സന്ദന്ദര്യവും, ഗൃഹാതുരത്വവുമൊക്കെ നൽകിക്കൊണ്ട് റിലീസ് ചെയ്ത ചിത്രം പ്രണയകഥയാണ് പറഞ്ഞിരുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming