നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്(Jacqueline Fernandez). സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിത്. അതിനാൽ മാധ്യമങ്ങളും സുഹൃത്തുക്കളും ആ ചിത്രം പ്രചരിപ്പിക്കരുതെന്ന് ജാക്വിലിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജാക്വിലിൻ അഭ്യർത്ഥനയുമായി രം​ഗത്തെത്തിയത്. 

‘'ഈ രാജ്യവും ഇവിടുത്തെ ആളുകളും എനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ട്. ഇതില്‍ എന്റെ മാധ്യമ സുഹൃത്തുക്കളും ഉള്‍പ്പെടും. ഞാനിപ്പോള്‍ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ എന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്നെ മനസിലാകുമെന്ന് ഉറപ്പുണ്ട്. ആ വിശ്വാസത്തോടെ ഞാന്‍ എന്റെ മാധ്യമ സുഹൃത്തുക്കളോട് എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങള്‍ ഇത് ചെയ്യല്ലല്ലോ, എന്നോടും നിങ്ങളിത് ചെയ്യില്ലെന്ന് ഉറപ്പുണ്ട്. നീതി നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു‘', എന്നാണ് ജാക്വിലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

View post on Instagram

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ് സുകേഷും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. ഇതിനിടെയാണ് ജ്വാക്വിലിനുമായി സുകാഷ് അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയത്. പിന്നാലെ ജാക്വിലിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.