ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച്  അസം സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് പത്മഭൂഷണ്‍ പുരസ്കാര ജേതാവായ സംവിധായകന്‍ ജഹ്നു ബറുവ. ചടങ്ങില്‍ നിന്ന് സ്വന്തം സിനിമ പിന്‍വലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡിസംബര്‍ അവസാനവാരം നടക്കാനിരിക്കുന്ന പുരസ്കാര ചടങ്ങില്‍ നിന്നാണ് ബറുവ ഏറ്റവും പുതിയ ചിത്രമായ 'ഭോഗ ഖിരികീ' (broken window) പിന്‍വലിക്കുന്നതായി അറിയിച്ചത്.

'ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പൗരനെന്ന നിലയിലും ഞാന്‍ വളരെയധികം അസ്വസ്ഥനാണ്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട എന്നാണ് എന്‍റെ തീരുമാനം. ചിത്രത്തിലെ ക്രൂവിനെയും അഭിനേതാക്കളെയും പ്രതിനിധീകരിച്ചാണ് ഞാന്‍ ഈ തീരുമാനം എടുത്തത്'- ബറുവ പറഞ്ഞതായി ന്യൂസ് മില്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്കാനുള്ള ബില്ലിൽ വലിയ പ്രതിഷേധമാണ് രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയരുന്നത്. മതാടിസ്ഥാനത്തിൽ ജനങ്ങളെ തരംതിരിക്കുന്ന ബിൽ കോടതിയിൽ തള്ളിപ്പോകുമെന്ന് ലോക്സഭയില്‍ പ്രതിപക്ഷം മുന്നറിയിപ്പ് നല്കിയിരുന്നു. കടുത്ത ഭരണ - പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്ല് പാസാക്കിയത്. കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു. ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നാണ് സൂചന.