ഇന്ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മലയാള ചിത്രങ്ങള്‍ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

വിഷു എന്നും മലയാള സിനിമകളുടെയും ആഘോഷ കാലമാണ്. ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം എന്നിവയാണ് ഇന്നത്തെ പ്രധാന റിലീസുകള്‍. ഇവയ്‍ക്ക് വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇവയുടെ പ്രദര്‍ശനം പിവിആറില്‍ വേണ്ടെന്നുവെച്ചിരിക്കുകയാണ്.

ഇന്ന് റിലീസാകുന്ന മലയാള ചിത്രങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ബഹിഷ്‍കരിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ് പിവിആര്‍. കൊച്ചി, തിരുവനന്തപുരം പിവിആറില്‍ മലയാളം സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ഫോറം മാളില്‍ പുതുതായി അടുത്തിടെ തുടങ്ങിയ പിവിആര്‍- ഐനോക്സിലും പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നില്ല. പിവിആര്‍ രാജ്യമൊട്ടാകെ പുതിയ മലയാള സിനിമകളുടെ റിലീസ് ബഹിഷ്‍ക്കരിക്കുന്ന സാഹചര്യം നഷ്‍ടമുണ്ടാക്കും.

ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്റിംഗ് ചെയ്‍ത് തിയറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് കമ്പനികളായിരുന്നു. ഇവര്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്ന് മലയാള സിനിമ നിര്‍മാതാക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാളി നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിനെ ചൊടിപ്പിച്ചത്. ഡിജിറ്റല്‍ കണ്ടന്റ് പുതുതായി നിര്‍മിക്കുന്ന തിയറ്ററുകളില്‍ ഉപയോഗിക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫോറം മാളിലെ പുതുതായി തുടങ്ങിയ തിയറ്ററുകളിലും ഉപയോഗിക്കാൻ ആവശ്യപ്പെട്ടതിനാലാണ് പിവിആര്‍ തര്‍ക്കത്തിലായത്. സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആവേശത്തില്‍ ഫഹദാണ് നായകനായി എത്തുന്നത്. ജയ് ഗണേഷില്‍ ഉണ്ണി മുകുന്ദനും. സംവിധാനം നിര്‍വഹിച്ചത് രഞ്ജിത് ശങ്കറാണ്. സംവിധായകൻ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുന്നു.

Read More: എന്താണ് സംഭവിച്ചത്? വിജയ്‍യുടെ വിരമിക്കല്‍ ചിത്രത്തിന് തിരിച്ചടി, വമ്പൻമാരുടെ പിൻമാറ്റം ബാധിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക