സംവിധാനം അഭിലാഷ് ജോഷി
മോളിവുഡ് ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ സൃഷ്ടിക്കുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രങ്ങള്‍ ചെയ്യുന്ന ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ കുറവാണ്. വന്‍ വിജയം നേടിയ കുറുപ്പിനു ശേഷം 2022 ല്‍ ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ തിയറ്റര്‍ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അടുത്ത ചിത്രത്തിനായി ആരാധകര്‍ക്കിടയിലുള്ള കാത്തിരിപ്പും വലുതാണ്. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം.
ഫെബ്രുവരി മാസത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ബിജിഎം സംബന്ധിച്ച ജോലികള്‍ ആരംഭിച്ചതായി ഇന്‍സ്റ്റഗ്രാമിലൂടെ ജേക്സ് അറിയിച്ചിട്ടുണ്ട്.
സംവിധായകന്‍ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ഫെബ്രുവരിയില്‍ അവസാനിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നേരത്തെ ട്വിറ്ററിലൂടെ ദുല്‍ഖര്‍ ആരാധകന് മറുപടി നല്‍കിയിരുന്നു. 'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരിക്കേറ്റു എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. തമിഴ് നടൻ പ്രസന്നയും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ALSO READ : അഖില്‍ മാരാരുടെ സഭ്യേതര പ്രവര്‍ത്തി; ശിക്ഷ പ്രഖ്യാപിച്ച് ബിഗ് ബോസ് കോടതി
WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

