പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസൻ നായകനാകുന്നു. ശ്യാം പുഷ്കരൻ തിരക്കഥയും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.
ആക്ഷന്‍ കൊറിയോഗ്രഫര്‍മാരായ അന്‍പറിവ് മാസ്റ്റേഴ്സ് കമല്‍ ഹാസനെ നായകനായി സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പ്രതീക്ഷയോടെയാണ് തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ശ്യാം പുഷ്കരന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.
കമൽ ഹാസന്റെ കരിയറിലെ 237 -മത് ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണെന്നുള്ള അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ജേക്സ് ബിജോയ് തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയുടെ കരിയറിലെ എഴുപത്തിയഞ്ചാം ചിത്രം കൂടിയാണിത്. 'ലോക'യിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഗീത സംവിധായകൻ കൂടിയാണ് ജേക്സ് ബിജോയ്. അനിരുദ്ധ് രവിചന്ദർആയിരിക്കും ഈ ചിത്രത്തിൽ സംഗീത സംവിധാനം എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോൾ ജേക്സ് ബിജോയ് ചിത്രത്തിലേക്കെത്തുന്നത്.
ആകാംക്ഷയുണർത്തുന്ന ചിത്രം
കൂലി, കെജിഎഫ്, ലിയോ, വിക്രം, കൈതി, കബാലി, സലാർ, ആര്‍ഡിഎക്സ് തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് സംവിധായകരായി ഉലകനായകൻ കമൽ ഹാസിനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോൾ സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്ന് രാജ്‍കമല്‍ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രണം നിർവഹിക്കുന്നത്. ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം 2026 ലാണ് തിയറ്ററുകളില്‍ എത്തുക.



