ഒരിടവേളയ്ക്ക് ശേഷം ഏറ്റവുമധികം സിനിമകളില്‍ തീയേറ്ററുകളിലെത്തുന്ന വാരാന്ത്യമാണ് ഇത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ആകെ എത്തുന്നത് എട്ട് സിനിമകള്‍! അതില്‍ പലതും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചവ. എട്ടില്‍ മൂന്ന് സിനിമകള്‍ ഗാന്ധിജയന്തി ദിനമായിരുന്ന ബുധനാഴ്ച തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. വാക്കീന്‍ ഫിനിക്‌സ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, വാര്‍ണര്‍ ബ്രദേഴ്‌സിന്റെ 'ജോക്കര്‍', ചിരഞ്ജീവി നായകനായ തെലുങ്ക് ബിഗ് ബജറ്റ് ചിത്രം 'സെയ്‌റ നരസിംഹ റെഡ്ഡി', ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒരുമിച്ച ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ 'വാര്‍' എന്നിവയാണ് ബുധനാഴ്ച എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' ഉള്‍പ്പെടെ മറ്റ് അഞ്ച് സിനിമകള്‍ വെള്ളിയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ലിജോയുടെ 'ജല്ലിക്കട്ട്' കൂടാതെ മൂന്ന് സിനിമകളാണ് മലയാളത്തില്‍ നിന്ന് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുക. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എംസി ജോസഫ് ചിത്രം 'വികൃതി', വിനായകന്‍ നായകനാവുന്ന കമല്‍ ചിത്രം 'പ്രണയമീനുകളുടെ കടല്‍', ബിജു മേനോന്‍ നായകനാവുന്ന ജിബു ജേക്കബ് ചിത്രം 'ആദ്യരാത്രി' എന്നിവയാണ് മലയാളത്തിലെ മറ്റ് ചിത്രങ്ങള്‍. 

വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് വീണ്ടും നായകനാവുന്ന 'അസുരനാ'ണ് തമിഴിലെ റിലീസ്. 'വട ചെന്നൈ'ക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം എന്നതാണ് മലയാളികളെ സംബന്ധിച്ച് ഈ ചിത്രത്തിലുള്ള അധിക കൗതുകം.