പ്രാദേശിക റിലീസിന് മുന്‍പ് വിദേശ ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടുക, സാക്ഷാല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ പ്രശംസിക്കുക.. സിനിമയെ ഗൗരവമായി എടുക്കുന്ന പ്രേക്ഷകര്‍ അടുത്തകാലത്ത് മറ്റൊരു ചിത്രത്തിനുവേണ്ടിയും ഇത്രയും കാത്തിരുന്നിട്ടുണ്ടാവില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒക്ടോബര്‍ നാലിന് ചിത്രത്തിന്റെ കേരള റിലീസ് അടുത്തിരിക്കെ ചിത്രത്തിന്റെ വിദേശ വിതരണാവകാശങ്ങളും വിറ്റുപോയിരിക്കുന്നു.

ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ആണ് വിവിധ വിദേശ മാര്‍ക്കറ്റുകളിലേക്കുള്ള വിതരണാവകാശം വാങ്ങിയിരിക്കുന്നത്. യൂറോപ്പ്, യുകെ, സിംഗപ്പൂര്‍, കൊറിയ എന്നീ മാര്‍ക്കറ്റുകളുടെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ് ആണ് ഇന്‍ഡിവുഡ് വാങ്ങിയിരിക്കുന്നത്. സംവിധായകന്‍ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രൊജക്റ്റ് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള വിതരണ ശൃംഖലയാണ് ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക്. 

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഉദ്ഘാടന പ്രദര്‍ശനം പ്രശസ്തമായ ടൊറന്റോ ചലച്ചിത്രമേളയില്‍ ആയിരുന്നു. വലിയ ആസ്വാദകപ്രതികരണമാണ് ചിത്രത്തിന് അവിടെ ലഭിച്ചത്. കേരള റിലീസിന് മുന്‍പ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘാടകരായ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ മൂന്നിനും അഞ്ചിനുമാണ് 'ജല്ലിക്കട്ടി'ന്റെ ലണ്ടന്‍ ഫെസ്റ്റിവല്‍ പ്രദര്‍ശനം. ബ്രിട്ടീഷ് ഫിലിം ഫെസ്റ്റിവലാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആദ്യം പുറത്തുവിട്ടത്. 'കേരളത്തിന്റെ ബാഡ്‌ബോയ് ഡയറക്ടര്‍' എന്നാണ് ലിജോയെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ചിരിക്കുന്നത്.