ഹോളിവുഡ്: ലോക സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പണംവാരിപ്പടം എന്ന ടൈറ്റാനിക്കിന്‍റെ റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം എന്ന സിനിമ.  റിലീസ് ചെയ്ത് രണ്ട് ആഴ്ചയ്ക്ക് അടുത്ത് പിന്നിടുമ്പോള്‍ ചിത്രം ഇതുവരെ ആഗോള വിപണിയില്‍ നേടിയത് 2.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. 

1997 ല്‍ റിലീസ് ചെയ്ത ടൈറ്റാനിക്ക് ഇതുവരെ ആഗോളതലത്തില്‍ നേടിയത് 2.187 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇതിനെയാണ് എന്‍ഡ് ഗെയിം മറികടന്നത്. എന്നാല്‍ ജെയിംസ് കാമറൂണിന്‍റെ അവതാറാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ പണംവാരിപ്പടം 2009 ല്‍ റിലീസ് ചെയ്ത അവതാര്‍ ഇതുവരെ നേടിയത് 2.78 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇത്തരത്തിലുള്ള മുന്നേറ്റം ആണെങ്കില്‍ ആ റെക്കോഡും എന്‍ഡ് ഗെയിം മറികടക്കും.

അതിനിടെയാണ് ടൈറ്റാനിക്കിനെ മറികടന്ന മാര്‍വലിനെ അഭിനന്ദിച്ച് ടൈറ്റാനിക്ക് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ രംഗത്ത് എത്തിയത്. യഥാര്‍ത്ഥ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയാണെങ്കില്‍ എന്‍റെ ടൈറ്റാനിക്കിനെ മുക്കിയത് അവഞ്ചേര്‍സ് ആണ്. ഈ വലിയ നേട്ടത്തിന് ലൈറ്റ് സ്ട്രോം എന്‍റര്‍ടെയ്മെന്‍റ് അവഞ്ചേര്‍സ് ടീമിനെ അഭിനന്ദിക്കുന്നു. ജെയിംസ് കാമറൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സന്ദേശത്തില്‍ പറയുന്നു.

ടൈറ്റാനിക്കിലെ ഐക്കോണിക്കായ കപ്പല്‍ ഇടിക്കുന്ന രംഗം അ‍വഞ്ചേര്‍സ് ലോഗോ ഇടിക്കുന്ന രീതിയിലുള്ള ചിത്രവും ജെയിംസ് കാമറൂണ്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അവതാറിന്‍റെ രണ്ടാം ഭാഗം 2021 ഡിസംബറില്‍ പുറത്തിറങ്ങും എന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചിരുന്നു.