ജെയിംസ് ഗണ്ണിന്റെ പുതിയ 'സൂപ്പർമാൻ' സിനിമ യുഎസ് ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിംഗ് നേടുമെന്ന് പ്രവചനം. 

ഹോളിവുഡ്: ജെയിംസ് ഗൺ സംവിധാനം ചെയ്യുന്ന ഡിസി സ്റ്റുഡിയോസിന്റെ പുതിയ സിനിമ 'സൂപ്പർമാൻ' യുഎസ് ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിംഗ് നേടിയേക്കും എന്ന് ട്രാക്കര്‍മാരുടെ പ്രവചനം. ഡിസി സിനിമകളുടെ പുതിയ യുഗത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു ചിത്രം പ്രതീക്ഷ കാക്കുന്ന പ്രകടനം നടത്തും എന്നാണ് റിപ്പോര്‍ട്ട്.

2025 ജൂലൈയിൽ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം മുൻപ് റിലീസ് ചെയ്ത സൂപ്പര്‍മാന്‍ സോളോ ചിത്രം 'മാൻ ഓഫ് സ്റ്റീൽ' (116 മില്യൺ ഡോളർ) എന്ന സിനിമയുടെ ഓപ്പണിംഗ് വരുമാനത്തെ മറികടന്ന് ആദ്യ ദിനം 135 മില്ല്യണ്‍ യുഎസ് ഡോളര്‍ ഓപ്പണിംഗ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജെയിംസ് ഗണ്ണിന്‍റെ അവസാന റിലീസായ 'ഗാർഡിയൻസ് ഓഫ് ദി ഗാലക്സി വോളിയം 3' (118.4 മില്യൺ ഡോളർ) ഉം ഡിസിയുടെ മറ്റൊരു സൂപ്പര്‍ഹീറോ സോളോ ചിത്രം 'ദി ബാറ്റ്മാൻ' (134 മില്യൺ ഡോളർ) എന്നിവയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ട്രാക്കര്‍മാന്‍ പ്രവചിക്കുന്നത്.

എന്നാല്‍ സൂപ്പര്‍മാന്‍റെ പുതിയ പതിപ്പ് 100 മില്യൺ ഡോളറിൽ താഴെ മാത്രമേ ചിത്രം നേടൂ എന്ന പ്രവചനവും ചില ട്രാക്കര്‍മാര്‍ നടത്തുന്നുണ്ട്. അതേ സമയം ഓപ്പണിംഗ് വാരാന്ത്യത്തില്‍ 154 മുതൽ 185 മില്യൺ ഡോളർ വരെ ചിത്രം നേടുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. പ്രമുഖ ഹോളിവുഡ് ട്രാക്കര്‍ ജെഫ് സ്നൈഡർ പറയുന്നത്, ചിത്രം 175 മില്യൺ ഡോളർ വരെ നേടിയേക്കാമെന്നാണ്.

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും ഈ പ്രതീക്ഷയെ ശക്തിപ്പെടുത്തുന്നു. എക്സ് പ്ലാറ്റ്ഫോമിൽ, 'സൂപ്പർമാൻ'ന്‍റെ പ്രീ-സെയിൽ ടിക്കറ്റുകൾ വൻ ഡിമാൻഡ് സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫാൻഡാംഗോ വെബ്സൈറ്റ് ടിക്കറ്റ് ഡിമാൻഡ് കാരണം യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ഡൗണായി എന്നും വിവരമുണ്ട്. ഡിസിയുടെ മികച്ച വാരാന്ത്യ കളക്ഷന്‍ നേടിയ 'ബാറ്റ്മാൻ വി സൂപ്പർമാൻ' (166 മില്യൺ ഡോളർ) എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ജെയിംസ് ഗൺ, ഡിസി സ്റ്റുഡിയോസിന്റെ ക്രിയേറ്റീവ് തലവനായി എത്തിയ ശേഷം ഇറങ്ങുന്ന ആദ്യത്തെ സിനിമയാണ് സൂപ്പർമാൻ. അതിനാല്‍ തന്നെ ഡിസി യൂണിവേഴ്സിന് പുതിയൊരു ദിശ നൽകാനാണ് ചിത്രം ശ്രമിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗ് ഡിസി സിനിമകൾക്ക് പുതിയൊരു അധ്യായം എഴുതിച്ചേർക്കുമെന്നാണ് ആരാധകരും വിദഗ്ധരും പ്രതീക്ഷിക്കുന്നത്.

ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി എന്ന മാര്‍വലിന്‍റെ ട്രിലോളജി സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കിയ വന്‍ വിജയം നേടിയ ജെയിംസ് ഗണ്‍ വളരെ കളര്‍ ഫുള്ളായാണ് പുതിയ സൂപ്പര്‍മാന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ജൂലൈ 11 2025ലാണ് ചിത്രം റിലീസ് ചെയ്യുക. ഇന്ത്യയില്‍ ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.