500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. നിർമ്മാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി ചിത്രത്തിന്‍റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സാണ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
വിജയ്‍യുടെ അവസാന സിനിമ
വിജയ് സജീവ രാഷ്‍ട്രീയത്തിലിറങ്ങിയതിനാല്‍ താരത്തിന്റെ അവസാന സിനിമ എന്ന നിലയിലാണ് ജനനായകൻ ഒരുങ്ങിയത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
കളക്ഷനില്‍ വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്നാണ് വിജയ് സിനിമ മതിയാക്കുന്നത്. ദ ഗോട്ടാണ് വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വമ്പൻ വിജയമായിരുന്നു ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭുവാണ് സംവിധാനം നിര്‍വഹിച്ചത്.
