എച്ച് വിനോദ് ആണ് സംവിധാനം

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം വിജയ് ആണ്. അതിനാല്‍ത്തന്നെ സജീവ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശം ബിഗ് സ്ക്രീന്‍ ജീവിതത്തിന് വിരാമമിട്ടുകൊണ്ടായിരിക്കുമെന്ന പ്രഖ്യാപനം സിനിമാപ്രേമികളെ നിരാശരാക്കിയിരുന്നു. കരിയര്‍ അവസാനിപ്പിക്കും മുന്‍പ് പ്രിയ താരത്തെ ഒരിക്കല്‍ക്കൂടി കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുന്ന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ മെറ്റീരിയല്‍ പുറത്തെത്തും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അത് എന്തായിരിക്കുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഒരു വീഡിയോ ആയിരിക്കുമെന്നാണ് സൂചന. വിജയ്‍യുടെ പിറന്നാള്‍ ദിനമായ 22 പിറക്കുന്ന ആദ്യ നിമിഷത്തില്‍ ഇത് എത്തും. ആദ്യ അലര്‍ച്ച (the first roar) എന്നാണ് നിര്‍മ്മാതാക്കള്‍ പ്രൊമോഷണല്‍ മെറ്റീരിയലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു സിംഹം എല്ലായ്പ്പോഴും സിംഹം തന്നെ ആയിരിക്കും. അയാളുടെ ആദ്യ അലര്‍ച്ച വരുന്നു എന്നും ഇത് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററിനൊപ്പം കെവിഎന്‍ പ്രൊഡക്ഷന്‍സ് കുറിച്ചിട്ടുണ്ട്.

വിജയ്‍യുടെ കരിയറിലെ 69-ാം ചിത്രമാണ് ജനനായകന്‍. കന്നഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. പൂജ ഹെഗ്ഡേ, ബോബി ഡിയോള്‍, ഗൗതം വസുദേവ് മേനോന്‍, പ്രകാശ് രാജ്, നരെയ്ന്‍, പ്രിയാമണി, ശ്രുതി ഹാസന്‍, മമിത ബൈജു, മോനിഷ ബ്ലെസി, ബാബ ഭാസ്കര്‍, വരലക്ഷ്മി ശരത്കുമാര്‍, ടീജെ അരുണാചലം, രേവതി, ഇര്‍ഫാന്‍ സൈനി തുടങ്ങിയവരാണ് ചിത്രത്തില്‍ വിജയ്‍ക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴില്‍ സമീപ വര്‍ഷങ്ങളിലെ പല മാസ് ചിത്രങ്ങളുടെ വിജയത്തില്‍ വലിയ പങ്ക് വഹിച്ച അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. പ്രദീപ് ഇ രാഗവ് ആണ് എഡിറ്റര്‍. വിജയ്‍യുടെ അവസാന ചിത്രമായതിനാല്‍ത്തന്നെ ഇതിനകം പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. വലിയ കാന്‍വാസിലാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നത്. തീരന്‍ അധികാരം ഒന്‍ട്ര്, വലിമൈ, തുനിവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് എച്ച് വിനോദ്. പ്രിയതാരത്തിന്‍റെ അവസാന റിലീസ് കാണാനായി വിജയ് ആരാധകര്‍ ഒഴുകി എത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News