വിജയ്‍യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകന്‍' റിലീസിന് മാസങ്ങൾക്ക് മുൻപേ പ്രീ-റിലീസ് ബിസിനസ്സിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നു

തമിഴ് സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. ജനനായകന്‍ എന്നാണ് അത്. തമിഴില്‍ ഏറ്റവും വിപണിമൂല്യമുള്ള താരം വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയ്ക്കാണ് ഈ പ്രീ റിലീസ് ഹൈപ്പ്. ആ ഹൈപ്പ് എത്രത്തോളമെന്ന് അടിവരയിടുന്ന ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയി എത്തുന്ന ചിത്രം റിലീസിന് മാസങ്ങള്‍ക്ക് മുന്‍പ് പ്രീ റിലീസ് ബിസിനസിലൂടെ നേടുന്ന വലിയ തുക സംബന്ധിച്ചുള്ളതാണ് അത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് വിറ്റത് 78 കോടി രൂപയ്ക്ക് ആണ്. ഈ രംഗത്തെ മുന്‍നിരക്കാരായ ഫാര്‍സ് ഫിലിംസ് ആണ് റൈറ്റ്സ് നേടിയിരിക്കുന്നത്. ഒരു വിജയ് ചിത്രത്തിന് ഈ ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്. ഇതില്‍ ഏറ്റവും അധികം ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ലഭിച്ചിരിക്കുന്നത് നോര്‍ത്ത് അമേരിക്കയില്‍ നിന്നാണ്. 25 കോടിക്കാണ് അവിടുത്തെ വില്‍പ്പന. മലേഷ്യയിലെ വിതരണാവകാശം 12 കോടിക്കും സിംഗപ്പൂരിലെയും ശ്രീലങ്കയിലെയും വിതരണാവകാശത്തിന് 6.5 കോടിയുമാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ലഭിച്ചത്. 78 കോടിയിലെ ബാക്കി തുക വന്നിരിക്കുന്നത് യൂറോപ്പ്, ജിസിസി അടക്കമുള്ള മറ്റ് മാര്‍ക്കറ്റുകളില്‍ നിന്നാണ്.

ട്രാക്ക് ടോളിവുഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് 110 കോടി രൂപയ്ക്ക് ആണ്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തമിഴ്നാട് വിതരണാവകാശത്തിലും ഞെട്ടിക്കുന്ന തുകയാണ് ചിത്രം നേടിയിരിക്കുന്നത്. 100 കോടി രൂപ. റോമിയോ പിക്ചേഴ്സിനാണ് തമിഴ്നാട്ടിലെ വിതരണാവകാശം. കേരളത്തിലും ഇവര്‍ തന്നെയാണ് ഡിസ്ട്രിബ്യൂഷന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും അതിന് 15 കോടിയാണ് മുടക്കിയിരിക്കുന്നതെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം ചേര്‍ത്ത് ചിത്രത്തിന്‍റെ പ്രീ റിലീസ് ബിസിനസ് ഇതിനകം തന്നെ 300 കോടി കടന്നിട്ടുണ്ട്.

ഇനി കന്നഡ, തെലുങ്ക്, ഉത്തരേന്ത്യന്‍ വിതരണാവകാശങ്ങള്‍, സാറ്റലൈറ്റ് റൈറ്റ്സ് എന്നിവ കൂടി ചേര്‍ത്താല്‍ ഇത് 400 കോടിയും കടക്കുമെന്നാണ് വിലയിരുത്തല്‍. 300 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാണെങ്കില്‍ റിലീസിന് മുന്‍പ് തന്നെ ബജറ്റ് റിക്കവറി ചിത്രം നടത്തും. വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയില്‍ ആവറേജ് അഭിപ്രായം പോലും നേടിയാല്‍ വന്‍ നേട്ടമാണ് നിര്‍മ്മാതാവിനെ കാത്തിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്