ബഫല്ലോ പ്ലാസ്റ്റി എന്ന സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി ജാൻവി കപൂർ രംഗത്ത്. പെർഫെക്ഷൻ എന്ന ആശയം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജാൻവി കൂട്ടിച്ചേർത്തു.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് ജാൻവി കപൂർ. അടുത്തിടെ താരം ബഫല്ലോ പ്ലാസ്റ്റി എന്ന സൗന്ദര്യവർദ്ധക ശസ്തക്രിയയ്ക്ക് വിധേയയായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂക്കിനും ചുണ്ടിനുമിടയിലെ ദൂരം കുറച്ച് മേൽച്ചുണ്ടിന് കൂടുതൽ വലിപ്പം നൽകുന്ന കോസ്‌മെറ്റിക് ശസ്ത്രക്രിയയാണ് ബഫല്ലോ പ്ലാസ്റ്റി. ഇപ്പോഴിതാ അത്തരം റിപ്പോർട്ടുകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജാൻവി.
സോഷ്യൽ മീഡിയ ആക്ടീവ് ആയതോട് കൂടി എല്ലാവരും ഒരു പ്രത്യേക രീതിയിൽ കാണപ്പെടണമെന്ന് സമൂഹം വിലയിരുത്തി തുടങ്ങിയെന്നും, അതിൽ താനും, സ്വാധീനിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും ജാൻവി പറയുന്നു. "പെർഫെക്ഷൻ എന്ന ആശയം ചെറുപ്പക്കാരായ പെൺകുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മളെ സന്തോഷിപ്പിക്കുന്നത് ചെയ്യുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഒരു തുറന്ന പുസ്തകമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്." ജാൻവി പറയുന്നു.
"കഴിഞ്ഞദിവസം ഒരു വീഡിയോ കണ്ടിരുന്നു. സ്വയം പ്രഖ്യാപിത ഡോക്ടർമാരായ ചിലർ അതിൽ ഞാൻ ബഫലോപ്ലാസ്റ്റി ചെയ്തതായി പറയുന്നു. കൃത്യതയോടെ മാത്രം കാര്യങ്ങൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. അമ്മയുടെ മാർഗ്ഗനിർദേശം ഉണ്ടായിരുന്നു. ഇതുപോലെയുള്ള വീഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും തനിക്കും ബഫലോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കരുത്. അതിനാലാണ്, ഈ മുന്നറിയിപ്പ് പറയുന്നത്." ടു മച്ച് വിത്ത് കാജോൾ & ട്വിങ്കിൾ എന്ന പരിപാടിയിൽ ആയിരുന്നു ജാൻവി കപൂറിന്റെ പ്രതികരണം.
ദേഖ്പട്ട സുന്ദരി ദാമോദരം പിള്ള
അതേസമയം 'പരം സുന്ദരി' ആയിരുന്നു ജാൻവിയുടെ പുറത്തിറങ്ങിയ ഏറ്റവും പുരുത്തിയ ചിത്രം. ഓഗസ്റ്റ് 29ന് റിലീസ് ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 24ന് സ്‍ട്രീമിംഗ് ആരംഭിച്ചിരുന്നു. സിദ്ധാർഥ് മൽഹോത്ര ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ദേഖ്പട്ട സുന്ദരി ദാമോദരം പിള്ള എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജാൻവി എത്തിയത്. മലയാളി പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ട സിനിമയും കഥാപാത്രവുമായിരുന്നു പരം സുന്ദരിയിലേത്. തുഷാർ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരം സുന്ദരി റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സഞ്‍ജയ് കപൂര്‍, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ഥ ശങ്കര്‍, മനോജ് സിംഗ്, അഭിഷേക് ബാനര്‍ജി, തൻവി റാം, ഗോപിക മഞ്‍ജുഷ, ആനന്ദ് മൻമഥൻ തുടങ്ങിയവരും വേഷമിട്ട ചിത്രത്തിന്റെ ഛായാഗ്രാഹണം സന്താന കൃഷ്‍ണൻ രവിചന്ദ്രനും സംഗീതം സച്ചിൻ- ജിഗാര്‍ എന്നിവരുമാണ്.



