വിമർശനങ്ങളിൽ മറുപടി പറഞ്ഞ് ജാസ്‍മിൻ.

സോളോ ട്രിപ്പ് പോയതിനു പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ മറുപടി പറഞ്ഞ് ഇൻഫ്ളുവൻസറും വ്ളോഗറുമായ ജാസ്മിൻ ജാഫർ. ജാസ്മിന്റെ മുൻപത്തെ റിലേഷൻഷിപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. റിലേഷൻഷിപ്പിലായിരുന്ന സമയത്ത് ചില തെറ്റുകൾ തനിക്ക് പറ്റിയിട്ടുണ്ടെന്നും അതിൽ കുറ്റബോധമുണ്ടെങ്കിലും എപ്പോഴും മുൻ പങ്കാളികളുമായി ചേർത്ത് തന്നെ വിമർശിച്ചാൽ നോക്കിയിരിക്കില്ലെന്നും ജാസ്മിൻ വീഡിയോയിൽ പറയുന്നു.

''പാരിസിൽ ഞാനും ഗബ്രിയുമാണ് പോയതെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നുവെന്നും പറഞ്ഞാണ് ഒരുത്തൻ വീഡിയോ ചെയ്തത്. എന്നെ ദ്രോഹിക്കുന്നവരോട് ഇനി സ്നേഹം കാണിക്കാൻ ‌പറ്റില്ല. എനിക്ക് അത്ര കൾച്ചറേയുള്ളു. ഇവരെല്ലാം എന്നെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചവരാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് കഴിഞ്ഞ് കഴിയുമ്പോൾ ആരും പ്രതികരിച്ച് പോകും. ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾ പറയുമായിരിക്കും ഇത്തരത്തിൽ പ്രതികരിക്കരുത് ചീത്തപ്പേരാകുമെന്ന്. ഇനി എനിക്ക് എന്ത് ചീത്ത പേര് വരാനാണ്?. അതൊന്നും എനിക്ക് വിഷയമല്ലാതെയായി കഴിഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഞാൻ ചെയ്തത് ഞാൻ അംഗീകരിക്കുന്നുണ്ട്. ചെയ്ത തെറ്റുകൾ അംഗീകരിക്കാൻ എനിക്ക് മടിയില്ല. തെറ്റുകൾ തിരുത്താറുമുണ്ട്. റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന നിന്റെയൊക്കെ മുന്നിൽ എല്ലാത്തിനും ഞാൻ തെളിവ് നിരത്തണോ?. അതിന് നീയൊക്കെ ആരാ?. പറഞ്ഞില്ലെങ്കിൽ നീയൊക്കെ എന്ത് ചെയ്യും?. എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിരുന്നു. ഒന്നിൽ എനിക്ക് പറ്റിയ തെറ്റ് എനിക്ക് അറിയാം. കുറ്റബോധവുമുണ്ട്. ഒരു റിലേഷൻഷിപ്പിലായാൽ ആ പങ്കാളിക്ക് വേണ്ടി എത്രത്തോളം മരിച്ച് നിൽക്കുമെന്നും എനിക്ക് അറിയാം. എന്തൊക്കെ അനുഭവിച്ചാലും ഞാൻ ക്ഷമിച്ച് സഹിച്ച് നിന്നിട്ടേയുള്ളു. കാശ് ഞാൻ എണ്ണിക്കൊടുത്ത റിലേഷൻഷിപ്പുകളുണ്ട്. രക്ഷപ്പെട്ടോട്ടെയെന്ന് കരുതിയാണ് പണം നൽകി സഹായിച്ചത്. പതിനേഴര ലക്ഷം രൂപ കൊടുത്തിരുന്നു. അഞ്ച് ലക്ഷം തിരിച്ച് കിട്ടി. 12 ലക്ഷം ഇന്നും കിട്ടിയിട്ടില്ല. ഞാൻ ചോദിക്കാനും പോണില്ല. കൊണ്ടുപോയി തിന്നട്ടേയെന്ന് കരുതി. ജാസ്മിൻ കാശിന് വേണ്ടി നിൽക്കുന്നുവെന്ന് പറഞ്ഞ് ജഡ്ജ് ചെയ്യുന്നവന്മാരോട്, അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാതെ അധ്വാനിച്ച് ജീവിക്കൂ എന്നാണ് പറയാനുള്ളത്'', ജാസ്മിൻ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക