ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ജവാന്‍

സിനിമ പോലെ ജനപ്രീതി നേടിയ ഒരു വിനോദോപാധിയോ മാധ്യമമോ ഇല്ല. അതിനാല്‍ തന്നെ സിനിമകളും അതിലെ ശ്രദ്ധേയ കഥാപാത്രങ്ങളുമൊക്കെ സിനിമയ്ക്ക് പുറത്തേക്കും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആശയ പ്രചാരണങ്ങള്‍ക്കും നേരമ്പോക്കിനായുള്ള മീമുകള്‍ക്കും ട്രോളുകള്‍ക്കുമുള്ള പ്രധാന അസംസ്കൃത വസ്തുക്കളും സിനിമയിലെ കഥാപാത്രങ്ങള്‍ തന്നെ. ഇപ്പോഴിതാ ജനപ്രിയ ബോളിവുഡ് ചിത്രം ജവാനിലെ ഷാരൂഖ് ഖാനെ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് പൊലീസ് ഒരുക്കിയ ലളിതമായ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

തലയില്‍ പരിക്കേറ്റതുപോലെ തുണി വച്ച് കെട്ടിയ ഗെറ്റപ്പിലായിരുന്നു ഷാരൂഖ് ഖാന്‍റേതായി പുറത്തെത്തിയ ജവാന്‍ ഫസ്റ്റ് ലുക്ക്. ഈ ലുക്ക് എടുത്താണ് യുപി പൊലീസ് ബോധവത്കരണ പരസ്യം സൃഷ്ടിച്ചിരിക്കുന്നത്. ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്ന പരസ്യമാണ് ഇത്. ചിത്രത്തിലെ ഷാരൂഖ് ഖാന്‍റെ ലുക്ക് ഒഴിവാക്കാന്‍ ഹെല്‍മറ്റ് ധരിക്കാനാണ് പരസ്യത്തിലെ ആവശ്യം. പ്രായം ഏതായാലും ഒരു ഇരുചക്രവാഹനത്തില്‍ ഇരിക്കുംമുന്‍പ് ഹെല്‍മെറ്റ് ധരിക്കുന്നത് മറക്കാതിരിക്കുക എന്നതാണ് ഒപ്പമുള്ള വാചകം. ജവാന്‍, റോഡ് സുരക്ഷ എന്നീ ഹാഷ് ടാഗുകളും ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ രണ്ട് ദിവസം കൊണ്ട് 94,000ല്‍ അധികം ലൈക്കുകളും 9100 ല്‍ അധികം ഷെയറുകളുമാണ് ഈ പരസ്യത്തിന് ലഭിച്ചിരിക്കുന്നത്.

അതേസമയം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ജവാന്‍. ആറ്റ്ലി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം സെപ്റ്റംബര്‍ 7 നാണ് തിയറ്ററുകളില്‍ എത്തിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ 520.79 കോടിയാണ് ചിത്രം നേടിയത്. ഒരു ഹിന്ദി ചിത്രം ചരിത്രത്തില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന വാരാന്ത്യ കളക്ഷനാണ് ഇത്.

ALSO READ : 'ജയിലറി'നെ തൂക്കുമോ 'ലിയോ'? റിലീസിന് 37 ദിവസം ശേഷിക്കെ റെക്കോര്‍ഡുമായി വിജയ് ചിത്രം

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ