ജൂലൈ 10 ന് ചിത്രത്തിന്‍റെ പ്രിവ്യൂ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു

പഠാന്‍ നല്‍കിയ വന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഷാരൂഖ് ഖാന്‍. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ എടുത്ത നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തന്‍റേതായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ പ്രേക്ഷകവിധി ഷാരൂഖ് ഖാനെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു, ഒപ്പം ബോലിവുഡിന്‍റെയും. എന്നാല്‍ നിര്‍മ്മാതാക്കളായ വൈആര്‍എഫ് പോലും പ്രതീക്ഷിച്ചതിനേക്കാള്‍ മുകളിലുള്ള വിജയമാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 1050 കോടി. ഇപ്പോഴിതാ കിംഗ് ഖാന്‍റെ അടുത്ത ചിത്രം ജവാന്‍ റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ജവാന് ശേഷമെത്തുന്ന എസ്ആര്‍കെ ചിത്രം എന്നതുതന്നെ ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഇപ്പോഴിതാ ജവാന്‍റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച.

ജൂലൈ 10 ന് ചിത്രത്തിന്‍റെ 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പ്രിവ്യൂ വീഡിയോ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. തുടര്‍ദിനങ്ങളില്‍ ചില ക്യാരക്റ്റര്‍ പോസ്റ്ററുകളും പുറത്തിറക്കി. എന്നാല്‍ നായകനെക്കൂടാതെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നയന്‍താരയെ മാത്രമേ നിര്‍മ്മാതാക്കള്‍ ഇതുവരെ പോസ്റ്ററുകളിലൂടെ അവതരിപ്പിച്ചിട്ടുള്ളൂ. ഇപ്പോഴികാ അടുത്ത പോസ്റ്ററും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു എന്നതിന്‍റെ സൂചന പങ്കുവച്ചിരിക്കുകയാണ് അവര്‍. ഒരു കഥാപാത്രത്തിന്‍റെ കണ്ണിന്‍റെ ചിത്രം മാത്രമാണ് റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. "അയാള്‍ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അയാള്‍ക്ക് വേണ്ടി കാത്തിരിക്കുക", എന്ന് മാത്രമാണ് ജവാന്‍ എന്ന ഹാഷ് ടാഗിനൊപ്പം കുറിച്ചിരിക്കുന്നത്.

Scroll to load tweet…

ഇത് ആരാണെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കൂടുതല്‍ പേരും ഈ കണ്ണിന്‍റെ ചിത്രത്തിലൂടെ തിരിച്ചറിയുന്നത് വിജയ് സേതുപതിയെ ആണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് സേതുപതിയാണെന്നാണ് സൂചന. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. 

ALSO READ : മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം; 200 കോടിയുടെ 'വൃഷഭ' തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക