'അഗിലൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'അഗിലൻ' (Agilan) എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയം രവി തന്നെയാണ് ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്‍തത്. എൻ കല്യാണ കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുക. എൻ കല്യാണ കൃഷ്‍ണനാണ് തിരക്കഥയും എഴുതുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'അഗിലൻ' എന്ന ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

View post on Instagram

സ്‍ക്രീൻ സീൻ എന്റര്‍ടെയ്‍ൻമെന്റ് ആണ് 'അഗിലൻ' നിര്‍മിക്കുന്നത്. 'ഭൂമി' എന്ന ചിത്രമാണ് ജയം രവിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ലക്ഷ്‍മണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു ആക്ഷൻ ചിത്രമായിരുന്നു 'ഭൂമി'.

മണിരത്‍നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയം രവിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'പൊന്നിയൻ ശെല്‍വൻ' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ് ജയം രവിക്ക്. 'അരുള്‍മൊഴിവര്‍മൻ' എന്ന കഥാപാത്രമായിട്ടാണ് ജയം രവി അഭിനയിക്കുന്നത്. കാര്‍ത്തി, വിക്രം, സാറാ അര്‍ജുൻ, ഐശ്വര്യ റായ്, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്‍മി, വിക്രം പ്രഭു, ശരത്‍കുമാര്‍, പാര്‍ഥിപൻ. റഹ്‍മാൻ, പ്രഭു, ലാല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.