ജയറാമും കണ്ണൻ താരമക്കുളവും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു പട്ടാഭിരാമൻ. ദിനേഷ് പള്ളത്ത് തിരക്കഥ എഴുതിയ ചിത്രം തിയേറ്ററിൽ  പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടൻ ജയറാം. കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തുവെന്നും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ചിത്രം സ്വന്തമാക്കിയെന്നും ഫേസ്ബുക്ക് ലൈവിലൂടെ ജയറാം പറഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമാണ്  പട്ടാഭിരാമനെന്നും ഇഷ്ടമായില്ലെങ്കിൽ തന്നെ എന്തു വേണമെങ്കിലും പറയമെന്ന് നടൻ ബൈജുവും പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം ജയറാമിനൊപ്പം ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്തു. താരങ്ങളെല്ലാം കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്.

ഫുഡ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാം ചിത്രമാണ് 'പട്ടാഭാരാമന്‍'. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍. ജയറാമിനൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, ദേവന്‍, ജനാര്‍ദ്ദനന്‍, നന്ദു, മാധുരി, പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെതായി പുറത്തിറങ്ങിയ 'ഉണ്ണി ഗണപതിയേ' എന്നാരംഭിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്