മലബാർ എക്സ്പ്രസിൽ നിന്ന് വിദ്യാർത്ഥിയുടെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് മോഷ്ടിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയായ അബു സാലിഹിനെ പിടികൂടിയത്.

കോഴിക്കോട്: ട്രെയിന്‍ യാത്രികനായ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കല്‍പകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഷെമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍വിജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്.